മുംബൈ: ക്യാപ്റ്റന്‍ വിരാട് കോലിക്കു പിന്നാലെ ചാറ്റ് ഷോ വിവാദത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയേയും ലോകേഷ് രാഹുലിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിങ്.

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് ബി.സി.സി.ഐ ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തതിനു പിന്നാലെയായിരുന്നു ഹര്‍ഭജന്റെ വിമര്‍ശനം. ഭാര്യയും മകളും ഒപ്പമുണ്ടെങ്കില്‍ ടീം ബസില്‍ പോലും ഹര്‍ദിക്കിനും രാഹുലിനുമൊപ്പം സഞ്ചരിക്കാന്‍ തയ്യാറാകില്ലെന്ന് ഹർഭജൻ തുറന്നടിച്ചു. 

കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍ അംഗമായ എല്ലാവരുടേയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് ഇരുവരും. തങ്ങള്‍ ഡ്രസിങ് റൂമില്‍ പോലും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് പാണ്ഡ്യയും രാഹുലും ലജ്ജയേതുമില്ലാതെ ചാനലില്‍ ചെന്നിരുന്ന് പറഞ്ഞത്. ഇത് മറ്റു കളിക്കാര്‍ക്കു കൂടി നാണക്കേടായി.

bcci likely to take appropriate action against hardik pandya and kl rahul

ഡ്രസിങ് റൂമിലും ഇതൊക്കെ തന്നെയാണോ സ്ഥിതി എന്ന ചോദ്യത്തിന് അക്കാര്യം സമ്മതിക്കുന്ന തരത്തിലാണ് താരങ്ങള്‍ പ്രതികരിച്ചത്. ഇത്തരമൊരു സംസ്‌കാരം ഇന്ത്യന്‍ ടീമിനുള്ളില്‍ ഇതുവരെ ഞങ്ങളാരും സൃഷ്ടിച്ചിട്ടില്ല. സച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ തീര്‍ത്ത പ്രതിച്ഛായ മോശമാക്കുകയാണ് പാണ്ഡ്യ ചെയ്തത്. എല്ലാ ക്രിക്കറ്റ് താരങ്ങളും ഇങ്ങനെയൊക്കെ തന്നെയാണെന്നല്ലേ എന്ന് ആളുകള്‍ കരുതില്ലേ-ഹര്‍ഭജന്‍ ചോദിച്ചു. 

പാണ്ഡ്യയൊക്കെ ടീമിലെത്തിയിട്ട് ഏറെ നാളായോ? ടീമിനെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും ഇത്ര ആധികാരികമായി സംസാരിക്കാനുള്ള പരിചയം അയാള്‍ക്കുണ്ടോയെന്നും ഹര്‍ഭജന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ബി.സി.സി.ഐയുടെ നിലപാട് ശരിവച്ച ഹർഭജൻ രണ്ടോ മൂന്നോ മത്സരത്തില്‍ നിന്നും അവരെ വിലക്കിയത് കൊണ്ട് ഒരു കാര്യവുമില്ലെന്നും ചൂണ്ടിക്കാട്ടി.

Content Highlights: harbhajan singh, hardik pandya, kl rahul