ക്രൈസ്റ്റ്ചര്‍ച്ച്: മുന്‍പ് വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ബൗളര്‍മാര്‍ ഉപയോഗിച്ചിരുന്ന മാര്‍ഗമായിരുന്നു ഷോര്‍ട്ട് ബോളുകള്‍. അവ കളിക്കാനുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പരിചയക്കുറവ് തന്നെയായിരുന്നു വിദേശ ബൗളര്‍മാര്‍ മുതലെടുത്തിരുന്നത്. എന്നാല്‍ രോഹിത് ശര്‍മയെ പോലെ പുള്‍ ഷോട്ടുകള്‍ അനായാസമായി കളിക്കുന്ന താരങ്ങളെത്തിയതോടെ ഈ വിദ്യ ഫലപ്രദമാകാതെ വന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതേ ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ.

കിവീസിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി വെറും 16 റണ്‍സാണ് രഹാനെയ്ക്ക് സ്‌കോര്‍ ചെയ്യാനായത്.

കെയ്ല്‍ ജാമിസണ്‍, ട്രെന്‍ഡ് ബോള്‍ട്ട്, നെയ്ല്‍ വാഗ്നര്‍ എന്നിവരുടെ ഷോര്‍ട്ട് ബോളുകള്‍ കളിക്കാനാകാതെ രഹാനെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ കാണാനായത്. രണ്ടു തവണയാണ് രഹാനെയുടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടത്.

ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്നില്‍ വിറച്ച താരത്തെ വിമര്‍ശിച്ച് കമന്ററി ബോക്‌സിലിരുന്ന ഹര്‍ഭജന്‍ സിങ് രംഗത്തെത്തി. താരത്തിന്റെ ബാറ്റിങ് ടെക്‌നിക്കുകളെ ചോദ്യം ചെയ്ത ഭാജി, രഹാനെ കളിക്കുന്നത് ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനെ പോലെയല്ല മറിച്ച് വാലറ്റക്കാരനെ പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു. രഹാനെയുടെ ഏറ്റവും മോശം ഇന്നിങ്‌സാണിതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

Content Highlights: Harbhajan Singh criticises Ajinkya Rahane after struggles against short ball