സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിനു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ വിമര്‍ശനങ്ങളുമായി മുന്‍താരങ്ങളടക്കം രംഗത്തുവരികയാണ്. കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരെയും ടീം സെലക്ഷനെതിരെയുമാണ് വിമര്‍ശനങ്ങള്‍ കൂടുതലും. കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി രോഹിത് ശര്‍മയെ നായകനാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും ഇതിനിടയിലുണ്ട്. കോലിയെ വിമര്‍ശിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാത്ത മുന്‍ താരവും എം.പിയുമായ ഗൗതം ഗംഭീറും കമന്റേറ്റര്‍ കൂടിയായ ആകാശ് ചോപ്രയുമാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുമായി എത്തിയവരില്‍ പ്രധാനികള്‍.

എന്നാല്‍ ഇത്തരം വിമര്‍ശകര്‍ക്കിടയിലും വ്യത്യസ്തനാകുകയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് കാരണം കോലിയുടെ ക്യാപ്റ്റന്‍സിയല്ലെന്നും സഹതാരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തതാണെന്നുമാണ് ഹര്‍ഭജന്‍ പറയുന്നത്.

''ക്യാപ്റ്റന്‍സി കോലിക്ക് ഒരു ഭാരമാകുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ക്യാപ്റ്റന്‍സി അദ്ദേഹത്തിന് സമ്മര്‍ദമുണ്ടാക്കുന്നുണ്ടെന്നും കരുതുന്നില്ല. ഇത്തരം വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. ടീം ജയിച്ച അവസരങ്ങളില്‍ പലപ്പോഴും മുന്നില്‍ നിന്ന് നയിച്ചത് കോലിയാണ്. ക്യാപ്റ്റന്‍സി ഒരുതരത്തിലും അദ്ദേഹത്തെ ബാധിച്ചതായി തോന്നുന്നില്ല.'' - ഹര്‍ഭജന്‍ പറഞ്ഞു.

കോലിയും രോഹിത്തും കെ.എല്‍ രാഹുലും അടുത്തകാലത്തായി മികച്ച പ്രകടനമാണ് ടീമിനായി പുറത്തെടുക്കുന്നത്. എന്നാല്‍ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്ന താരങ്ങളെ ടീമിന് ആവശ്യമാണെന്നും ഭാജി ചൂണ്ടിക്കാട്ടി. സഹതാരങ്ങള്‍ സ്ഥിരതയോടെ കളിച്ചാല്‍ കോലിക്ക് സ്വതന്ത്രമായി കളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജസ്പ്രീത്‌ ബുംറയെ കോലി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് പറഞ്ഞായിരുന്നു ഗൗതം ഗംഭീറിന്റെ വിമര്‍ശനം. ആദ്യ സ്‌പെല്ലില്‍ ബുംറയ്ക്ക് രണ്ടോവർ മാത്രം നല്‍കിയ രീതിയാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. ശക്തമായൊരു ബാറ്റിങ് ലൈനപ്പുള്ള ടീമിനെ പിടിച്ചുനിര്‍ത്താന്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രധാന ബൗളര്‍ക്ക് എന്തുകൊണ്ട് രണ്ട് ഓവര്‍ മാത്രം നല്‍കിയെന്നായിരുന്നു ഗംഭീറിന്റെ ചോദ്യം.

Content Highlights: Harbhajan Singh comes in support of Virat Kohli after ODI series loss