ന്യൂഡല്‍ഹി: ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതിനെതിരേ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെടുകയും മുന്‍ നായകന്‍ എം.എസ് ധോനിയുടെ മത്സരത്തിലെ മെല്ലെപ്പോക്ക് ചര്‍ച്ചയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഭാജിയുടെ വിമര്‍ശനം. 

അതേസമയം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായ പന്തിനെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താത്തത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും പന്തിന് സ്ഥാനമില്ല. 

ഋഷഭ് പന്തിന് ടീമില്‍ ഉറപ്പായും സ്ഥാനം നല്‍കണമായിരുന്നു. 30 പന്തുകള്‍ കളിച്ചാല്‍ 6 സിക്‌സറുകളെങ്കിലും നേടാന്‍ ശേഷിയുള്ള താരമാണ് പന്ത്. മത്സരത്തിലെ ഗതി തിരിക്കാനും താരത്തിനാകും. ലോ ഓര്‍ഡര്‍ ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് കൂറ്റനടിക്കാരനായ ബാറ്റ്‌സ്മാനെ വേണം. പന്തിനെ ഉള്‍പ്പെടുത്തുന്നതോടെ ഇന്ത്യന്‍ മധ്യനിരയ്ക്ക് കൂടുതല്‍ താളം കണ്ടെത്താന്‍ കഴിയുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ധോനിക്ക് സമീപ കാലത്ത് പഴയ ഫോമില്‍ കളിക്കാനാകുന്നില്ലെന്നും ഭാജി ചൂണ്ടിക്കാട്ടി. 

Content Highlights:   Harbhajan Singh, Rishabh Pant, ms dhoni