മുംബൈ: ക്രിക്കറ്റ് കരിയറിലെ ഏറ്റവും വൈകാരികമായ നിമിഷമായിരുന്നു 2011-ലെ ലോകകപ്പ് വിജയമെന്ന് പല അഭിമുഖങ്ങളിലും സച്ചിൻ തെണ്ടുൽക്കർ പറഞ്ഞിട്ടുണ്ട്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുന്നിൽ 28 വർഷത്തിന് ശേഷം ഇന്ത്യ ലോകകിരീടമുയർത്തി. ചുറ്റും ആരെല്ലാമുണ്ടോ എന്നൊന്നും ശ്രദ്ധിക്കാതെയായിരുന്നു അന്ന് ഇന്ത്യൻ താരങ്ങൾ വിജയമാഘോഷിച്ചതെന്ന്ഹർഭജൻ പറയുന്നു. ചിലർ കണ്ണീരൊഴുക്കിയപ്പോൾ മറ്റുചിലർ ആരവങ്ങളോടെ കിരീടം വാനിലേക്കുയർത്തി.

ആദ്യമായി സച്ചിൻ ഡാൻസ് കളിക്കുന്നത് കണ്ടത് അന്നാണെന്നും ഹർഭജൻ പറയുന്നു.' ജീവിതത്തില്‍ ആദ്യമായി സച്ചിൻ ഡാൻസ് ചെയ്യുന്നത് അന്ന് ഞാൻ കണ്ടു. ചുറ്റുമുള്ള ആളുകളെയൊന്നും ശ്രദ്ധിക്കാതെ സ്വയം ആസ്വദിച്ചായിരുന്നു സച്ചിന്റെ ഡാൻസ്. ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല.' ഹർഭജൻ പറയുന്നു.

അന്ന് രാത്രി മെഡലും കഴുത്തിലണിഞ്ഞാണ് ഉറങ്ങിയതെന്ന് ഹർഭജൻ പറയുന്നു. 'നമ്മൾ സ്വപ്നം കണ്ടത് സാക്ഷാത്‌കരിക്കപ്പെടുമ്പോൾ ആദ്യം വിശ്വസിക്കാൻ പ്രയാസമായിരിക്കും. ഇപ്പോഴും ആ വിജയത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് രോമാഞ്ചം വരും. എല്ലാവരുടേയും മുന്നിൽവെച്ച് ഞാൻ അന്ന് കരഞ്ഞു.' ഭാജി കൂട്ടിച്ചേർത്തു.

content highlights: Harbhajan narrates emotional story post Indias 2011 World Cup win