Photo: Getty Images
1996 ജൂണിലെ ലോര്‍ഡ്സ് ടെസ്റ്റ്, ഇംഗ്ലണ്ടിനെതിരേ മൂന്നാമനായി ഒരു 24-കാരന് ഇന്ത്യന്‍ പയ്യന് കളിക്കാനിറങ്ങുന്നു. ആ പയ്യന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നു അത്. ക്രിസ് ലൂയിസും പീറ്റര്‍ മാര്‍ട്ടിനും ഡൊമിനിക് കോര്‍ക്കും അടങ്ങിയ ഇംഗ്ലീഷ് ബൗളിങ് നിര ആ പൊടിമീശക്കാരന് പയ്യനെ അത്രയൊന്നും കാര്യമായി എടുത്തില്ല എന്നുവേണം പറയാന്‍. എന്നാല്‍ ബാറ്റെടുത്ത ആ ഇടംകൈയന്‍ താരം ആക്രമണവും ക്ഷമയും ഒത്തുചേര്‍ന്ന ഇന്നിങ്സിലൂടെ ഇംഗ്ലീഷുകാരെ വെള്ളം കൂടിപ്പിക്കുന്നതാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ ആതേര്ട്ടന് ആ പയ്യന്റെ പ്രതിരോധം ഭേദിക്കാനായില്ല. ഓഫ് സൈഡില്‍ എങ്ങനെയൊക്കെ ഫീല്‍ഡ് ഒരുക്കിയിട്ടും ആ പയ്യന്റെ ഡ്രൈവുകള്‍ ബൗണ്ടറിയിലെത്തിക്കൊണ്ടിരുന്നു. അന്ന് 435 മിനിറ്റ് ക്രീസില്‍ നിന്ന് 301 പന്തുകള്‍ നേരിട്ട് 20 ഫോറുകളടക്കം 131 റണ്‍സെടുത്താണ് ആ അരങ്ങേറ്റക്കാരന്‍ പയ്യന് ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന 10-ാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും സ്വന്തമാക്കി.
ആരെയും കൂസാത്ത പ്രകൃതത്തിനുടമയായിരുന്ന ആ പയ്യന് പില്ക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാളായി വളര്‍ന്നു. ആരാധകര്‍ അദ്ദേഹത്തെ കൊല്‍ക്കത്തയുടെ രാജകുമാരന് എന്ന് വിളിച്ചു. പിന്നീടയാള്‍ അവരുടെ ദാദയായി. സാക്ഷാല്‍ സ്റ്റീവ് വോയെ പോലും ടോസിനായി കാത്തുനിര്‍ത്തിയ, ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ ജേഴ്സി ഊരി വീശിയ, വിദേശത്തും ഇന്ത്യയ്ക്ക് വിജയങ്ങള്‍ സ്വന്തമാക്കാനാകുമെന്ന് തെളിയിച്ച ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വന്തം സൗരവ് ഗാംഗുലിക്ക് ജൂലായ് എട്ടിന് 50 വയസ് തികയുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിജയം വെട്ടിപ്പിടിക്കാന്‍ പോന്ന സംഘമാക്കി ഉയര്‍ത്തിയ മുന്‍ ക്യാപ്റ്റന്‍ നിലവില്‍ ബി.സി.സി.ഐയുടെ അധ്യക്ഷസ്ഥാനം വഹിക്കുകയാണ്. 1972 ജൂലായ് എട്ടിന് കൊല്‍ക്കത്തയിലായിരുന്നു ദാദയുടെ ജനനം.
1992-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ഏകദിനത്തിലാണ് ദാദ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. ആരെയും വകവെച്ചുകൊടുക്കാത്ത പ്രകൃതം കാരണം പിന്നീട് നാലു വര്‍ഷക്കാലത്തോളം അദ്ദേഹം ടീമിന് പുറത്തായി. എന്നാല്‍ ആഭ്യന്തര മത്സരങ്ങളില്‍ തിളങ്ങിയ ഗാംഗുലിയെ അവഗണിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് 1996-ല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ അദ്ദേഹം മടങ്ങിയെത്തി. ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സിലെ ഓരോ പുല്‍നാമ്പുകളെയും സാക്ഷിയാക്കി അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ആ പൊടിമീശക്കാരന് സെഞ്ചുറി കുറിച്ചു.
1999-2000 കാലഘട്ടം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ദുര്‍ഘടമായ സമയമായിരുന്നു. വാതുവെയ്പ്പ് വിവാദങ്ങളും വിലക്കുകളുമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിതന്നെ ചോദ്യചിഹ്നമായി ഘട്ടത്തില്‍ സാക്ഷാല്‍ സച്ചിന് പോലും അന്ന് നേതൃസ്ഥാനത്തേക്ക് വരാന്‍ താത്പര്യം കാണിച്ചില്ല. ഒടുവില്‍ കൊല്‍ക്കത്തയുടെ രാജകുമാരന് തന്നെ നറുക്ക് വീണു. പടുകുഴിയില്‍ വീണുകിടന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അയാള്‍ക്കേ സാധിക്കുമായിരുന്നുള്ളൂ. 2000 മുതല്‍ 2005 വരെയുള്ള ദാദ കാലം. യുവതലമുറ ക്രിക്കറ്റര്‍മാരുടെ വസന്തം തന്നെ അക്കാലത്തുണ്ടായി. യുവ്രാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഹര്ഭജന് സിങ്, സഹീര്‍ ഖാന്, ആശിഷ് നെഹ്റ, എം.എസ് ധോനി തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിനെ പില്ക്കാലത്ത് ഉന്നതങ്ങളിലേക്ക് നയിച്ചവര്‍ക്കെല്ലാം ടീമിലേക്കുള്ള വഴിവെട്ടിയത് അയാളായിരുന്നു.
2001-ല്‍ പേരും പെരുമയുമായെത്തിയ ഓസ്ട്രേലിയന്‍ ടീമിന്റെ വമ്പൊടിച്ചത് ദാദയുടെ കൂസലില്ലായ്മയായിരുന്നു. ടീമായി ഏതു ഘട്ടത്തിലും ഒന്നിച്ച് പൊരുതാന്‍ അയാള്‍ ടീമിനെ പ്രാപ്തരാക്കി. വി.വി.എസ് ലക്ഷ്മണെന്ന താരത്തെ കൊല്‍ക്കത്ത ടെസ്റ്റില്‍ മൂന്നാമനാക്കി ഇറക്കിയതും ദാദയുടെ തലയില്‍ വിരിഞ്ഞ ആശയമായിരുന്നു. 2002-ലെ നാറ്റ്വെസ്റ്റ് ട്രോഫി വജയവും 2003 ലോകകപ്പിലെ പ്രകടനവുമെല്ലാം ദാദയുടെ സര്‍വീസ് ബുക്കിലെ നേട്ടങ്ങളാണ്. ദ്രാവിഡിനെ വിക്കറ്റിനു പിന്നില്‍ നിര്‍ത്തി ഒരു എക്സ്ട്രാ ബാറ്റ്സ്മാനെ കളിപ്പിക്കാനുള്ള ആശയവും അദ്ദേഹത്തിന്റേതു തന്നെയായിരുന്നു.
ആരാധകര്‍ക്ക് ദാദ ഒരു വികാരമായിരുന്നു. ആരെയും ഭയക്കാതെ ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ച നായകന്. ആരാധകര്‍ക്ക് നഷ്ടപ്പെട്ടുപോയ ഇന്ത്യന്‍ ക്രിക്കറ്റിലുള്ള വിശ്വാസം തിരികെ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് അയാളുടെ ഏഴയലത്ത് വരാന്‍ പോലും ഒരാള്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ടീമിനായി തന്റെ ഓപ്പണര്‍ സ്ഥാനം സെവാഗിന് വിട്ടുകൊടുത്ത് അയാള്‍ അഞ്ചാമതും ആറാമതും ബാറ്റിങ്ങിനിറങ്ങി. സ്വന്തം നേട്ടങ്ങളേക്കാള്‍ ടീമായിരുന്നു അയാള്‍ക്ക് വലുത്. ധോനി എന്ന താരവും ധോനി എന്ന ക്യാപ്റ്റനും ഇന്ന് സ്വന്തമായുള്ള ഫാന്ബേസിനും നേട്ടങ്ങള്‍ക്കും നന്ദി അര്‍ഹിക്കുന്നത് ഗാംഗുലിയാണ്. ദാദയുടെ തീരുമാനമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ആദ്യ പരമ്പരയോടെ വിസ്മൃതിയിലേക്ക് പോകേണ്ടിയിരുന്ന നിര്‍ഭാഗ്യമായിരുന്നു ധോനിയെ കാത്തിരുന്നത്. ദിനേഷ് കാര്‍ത്തിക്ക് ഒരുപക്ഷേ ആ സ്ഥാനത്തേക്ക് വരികയും ചെയ്തേനേ.
വോയെ പോലെ മികച്ച ആസൂത്രകനായിരുന്നില്ല ഗാംഗുലി. പക്ഷേ തന്റെ കീഴില്‍ കളിക്കുന്ന 10 കളിക്കാരയും ഒരേ ലക്ഷ്യത്തിനായി ഒന്നിച്ച് പോരാടാന്‍ അയാള്‍ ശീലിപ്പിച്ചു. അവര്‍ക്കു വേണ്ട പിന്തുണയും ആത്മവിശ്വാസവും നല്കി. അതു തന്നെയായിരുന്നു അയാളിലെ ക്യാപ്റ്റന്റെ വിജയവും. വാക്കുകള്‍ കൊണ്ട് ആക്രമിക്കാനെത്തിയവരെ അതിലും മൂര്‍ച്ചയുള്ള വാക്കുകളാല്‍ അയാള്‍ നിഷ്പ്രഭരാക്കി.
113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഇന്ത്യയ്ക്കായി കളിച്ചു. ടെസ്റ്റില്‍ 7212 റണ്‍സും ഏകദിനത്തില്‍ 11,363 റണ്‍സും സ്വന്തമാക്കി. ടെസ്റ്റില്‍ 16 ഉം ഏകദിനത്തില്‍ 22 ഉം സെഞ്ചുറികള്‍. തന്റെ നല്ലകാലം കഴിഞ്ഞു എന്നുതോന്നിയപ്പോള്‍ ആരുടെയും പഴികള്‍ക്ക് കാത്തുനില്‍ക്കാതെ 2008-ലെ നാഗ്പുര്‍ ടെസ്റ്റോടെ അദ്ദേഹം പടിയിറങ്ങുകയും ചെയ്തു.
ടോസിനായി വൈകിയെത്തിയിരുന്ന ക്യാപ്റ്റന്‍
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയതിന്റെ ക്രെഡിറ്റ് സൗരവ് ഗാംഗുലിക്കാണെന്നത് പലരും പലതവണ പറഞ്ഞിട്ടുള്ള കാര്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാളായി വിലയിരുത്തുന്നതും ദാദയെ തന്നെ. കളിക്കളത്തിലെ ആക്രമണോത്സുകതയും യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള താത്പര്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യന്‍ ക്രിക്കറ്റിന് പ്രിയപ്പെട്ടവനാക്കി.
എന്നിരുന്നാലും പലപ്പോഴും കൃത്യനിഷ്ഠ പാലിക്കാത്തതിന്റെ പേരില്‍ കുപ്രസിദ്ധനായിരുന്നു ഗാംഗുലിയിലെ ക്യാപ്റ്റന്‍. ടോസിനായി ഗാംഗുലി പലപ്പോഴും തന്നെ കാത്തുനിര്ത്തിയിട്ടുണ്ടെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ പറഞ്ഞിട്ടുണ്ട്. ഇതിനെതിരേ അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിന്റെ മുന്‍ നായകന് നാസര്‍ ഹുസൈനും സമാന ആരോപണം ഗാംഗുലിക്കെതിരേ ഉന്നയിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..