ന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് ഇന്ന് 24-ാം പിറന്നാള്‍. ഇന്ത്യന്‍ ടീമിലെ നിറസാന്നിധ്യവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനുമായ പന്ത് 2017 ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രകടനങ്ങളുടെ കരുത്തില്‍ മൂന്ന് ഫോര്‍മാറ്റുകളിലും താരം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി. ധോനിയുടെ പിന്‍ഗാമിയായി. 

24-ാം പിറന്നാള്‍ ആഘോഷിക്കുന്ന പന്തിന് ഇന്ന് ഐ.പി.എല്ലില്‍ മത്സരമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ എതിരാളി. പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന ശേഷം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും മികച്ചുനില്‍ക്കുന്ന ചില നേട്ടങ്ങള്‍ പരിശോധിക്കാം.

ടെസ്റ്റില്‍ അതിവേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ഋഷഭ് പന്തിന്റെ പേരിലാണ്. എം.എസ്.ധോനിയുടെ റെക്കോഡ് മറികടന്നാണ് പന്ത് പുതിയ നേട്ടം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. വെറും 27 ഇന്നിങ്‌സുകളില്‍ നിന്നാണ് പന്ത് ഈ നേട്ടത്തിലെത്തിയത്. 1000 റണ്‍സ് മറികടക്കാന്‍ ധോനിയ്ക്ക് 32 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു. ഇന്ത്യയ്ക്ക് വേണ്ടി 1000 റണ്‍സ് നേടുന്ന ഏഴാമത്തെ മാത്രം വിക്കറ്റ് കീപ്പര്‍ കൂടിയാണ് പന്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്. 

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ മത്സരത്തില്‍ ആദ്യമായി സിക്‌സ് നേടിക്കൊണ്ട് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഏക ബാറ്ററാണ് പന്ത്. 2018-ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് പന്ത് ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം നടത്തിയത്. പരിക്കേറ്റ ദിനേശ് കാര്‍ത്തിക്കിന് പകരമാണ് യുവതാരത്തിന് ടീമിലിടം കിട്ടിയത്. ആദില്‍ റഷീദ് എറിഞ്ഞ പന്തില്‍ സിക്‌സ് നേടിക്കൊണ്ട് ഋഷഭ് ചരിത്രം കുറിച്ചു. 

ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവുമധികം താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡും ഋഷഭ് പന്തിന്റെ പേരിലാണ്. വിക്കറ്റിന് പിന്നില്‍ 11 ക്യാച്ചുകളാണ് താരമെടുത്തത്. 2018-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് പന്ത് ഈ റെക്കോഡ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സ്, ഇംഗ്ലണ്ടിന്റെ ആര്‍.സി.റസ്സല്‍ എന്നീ താരങ്ങള്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് പന്ത്. ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സില്‍ അഞ്ചും ക്യാച്ചുകളാണ് പന്തിന് ലഭിച്ചത്. 

ഈ റെക്കോഡുകള്‍ക്ക് പുറമേ മറ്റൊരു നേട്ടവും പന്തിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. ഒരു ടെസ്റ്റ് സീരിസില്‍ 300 റണ്‍സും വിക്കറ്റ് കീപ്പറെന്ന നിലയില്‍ 15 ക്യാച്ചുകളുമെടുത്ത ഏക കളിക്കാരനാണ് ഋഷഭ് പന്ത്. 2018-19 ല്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മത്സരത്തിലാണ് താരം ഈ പ്രകടനം പുറത്തെടുത്തത്. പരമ്പരയില്‍ 58.33 ശരാശരിയില്‍ 350 റണ്‍സെടുത്ത താരം 20 പേരെ പുറത്താക്കി. അതില്‍ സ്റ്റംപിങ്ങും ഉള്‍പ്പെടും. 

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായ പന്തിന്റെ മികവില്‍ ടീം 2021 ഐ.പി.എല്ലിന്റെ പ്ലേ ഓഫില്‍ പ്രവേശിച്ചിട്ടുണ്ട്. 2020 ഐ.പി.എല്ലിന്റെ ഫൈനലില്‍ ഇടം നേടിയെങ്കിലും ഡല്‍ഹി പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും ഋഷഭ് പന്തും സംഘവും പുതിയ സീസണില്‍ പ്രതീക്ഷിക്കുന്നില്ല.

Content Highlights: Happy Birthday Rishabh Pant, some records held by Team India's wicketkeeper-batsman as he turns 24