Photo: ANI
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് ഇന്ന് 41-ാം ജന്മദിനം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാളായ ധോനിയുടെ ജന്മദിനം ആഘോഷിക്കുകയാണ് രാജ്യമെമ്പാടുമുള്ള ധോനി ആരാധകര്‍.
ഇത്തവണ കുടുംബത്തോടൊപ്പം ലണ്ടനിലാണ് ധോനിയുടെ ജന്മദിനാഘോഷങ്ങള്. 2007-ലെ ട്വന്റി 20 ലോകകപ്പ്, 2010 ഐസിസി ടെസ്റ്റ് മെയ്സ്, 2010 ഏഷ്യാ കപ്പ്, 2011 ഏകദിന ലോകകപ്പ്, 2011 ഐസിസി ടെസ്റ്റ് മെയ്സ്, 2013 ചാമ്പ്യന്‍സ് ട്രോഫി, 2016 ഏഷ്യാ കപ്പ് തുടങ്ങിയവയെല്ലാം ഇന്ത്യ സ്വന്തമാക്കിയത് ധോനിയുടെ നായകത്വത്തിലാണ്. 2011-ലെ ലോകകപ്പിനുശേഷം നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ടീം ചാമ്പ്യന്‍സ് ട്രോഫി നേടുന്ന കാഴ്ച പലരും അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്.
രാജ്യത്തിനായി 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനങ്ങളില്‍ നിന്ന് 10,773 റണ്‍സും 98 ട്വന്റി 20-കളില്‍ നിന്ന് 1617 റണ്‍സും ധോനി നേടിയിട്ടുണ്ട്. 2011-ല്‍ നുവാന്‍ കുലശേഖരയെ സിക്സറിന് പറത്തി ഇന്ത്യയെ ലോകകപ്പ് വിജയത്തിലെത്തിച്ച ധോനിയുടെ ചിത്രം ഇന്ത്യന്‍ കായിക ചരിത്രത്തിലെ തന്നെ മറക്കാനാകാത്ത ഒരു കാഴ്ചയാണ്.
കളിക്കളത്തിലെ വ്യത്യസ്തമായ പെരുമാറ്റരീതിയും കളിയോടുള്ള സമീപനവും വഴി ധോനി സ്വന്തമാക്കിയത് ക്രിക്കറ്റ്പ്രേമികളുടെ ഹൃദയം കൂടിയായിരുന്നു. സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയ്ക്ക് ആരാധകവൃന്ദമുള്ള മറ്റൊരു താരമില്ലെന്നു തന്നെ പറയാം.
332 അന്താരാഷ്ട്ര മത്സരങ്ങളിലാണ് ധോനി ഇന്ത്യയെ നയിച്ചത്. 200 ഏകദിനത്തിലും 60 ടെസ്റ്റ് മത്സരങ്ങളിലും 72 ട്വന്റി-20 മത്സരങ്ങളിലും. ഇതില്‍ 178 എണ്ണത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. കരിയറില്‍ മൂന്നാം നമ്പറിയില്‍ തിളങ്ങിയിട്ടും യുവതാരങ്ങള്‍ക്ക് അവസരത്തിനായി ബാറ്റിങ് ഓര്‍ഡറില്‍ സ്വയം താഴേക്കിറങ്ങിയ ധോനി ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെ ഒരു മാതൃകയായിരുന്നു. എന്നിട്ടുകൂടി 10,000 ഏകദിന റണ്‍സ് നേടിയവരുടെ പട്ടികയില്‍ ധോനിയുമുണ്ട്. ഏകദിനത്തിലെ മികച്ച ഫിനിഷര്‍ കൂടിയായ ധോനി 84 മത്സങ്ങളില്‍ പുറത്താകാതെ നിന്നതിന്റെ റെക്കോഡിനും ഉടമയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ധോനി നേടിയ 204 സിക്സറുകളുടെ റെക്കോഡ് എളുപ്പത്തില്‍ തകര്‍ക്കപ്പെടാനിടയില്ല. 2006 മുതല്‍ 2015 വരെ തുടര്‍ച്ചയായ 10 വര്‍ഷങ്ങളില്‍ ഐ.സി.സി റാങ്കിങില്‍ ആദ്യ 10-ല്‍ ഇടംനേടിയ മറ്റൊരു ബാറ്റ്സ്മാന് ഇല്ലെന്നത് ശ്രദ്ധേയമാണ്.
വിക്കറ്റിനു മുന്നില്‍ എന്നപോലെ തന്നെ വിക്കറ്റിനു പിന്നിലും ധോനി ടീമിന് ഒരു മുതല്‍ക്കൂട്ടായിരുന്നു. 350 ഏകദിന മത്സരങ്ങളില്‍നിന്നായി തന്റെ സ്വതസിദ്ധമായ മിന്നല്‍ സ്റ്റമ്പിങിലൂടെ ധോനി പുറത്താക്കിയത് 123 പേരെയാണ്. ഏകദിനത്തില്‍ 100-നുമേല്‍ ബാറ്റ്സ്മാന്മാരെ സ്റ്റമ്പിങിലൂടെ പുറത്താക്കിയ ഏക വിക്കറ്റ് കീപ്പര്‍ ധോനിയാണ്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് എന്ന ടീമിന്റെ വിജയത്തിന് പിന്നില്‍ ധോനിയല്ലാതെ മറ്റാരാണ്. 2008 മുതല്‍ ടീമിനെ നയിക്കുന്ന ധോനി സൂപ്പര്‍ കിങ്സിനൊപ്പം 2010 ഐപിഎല്‍, 2010 ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20, 2011 ഐപിഎല്‍, 2014 ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20, 2018 ഐപിഎല്‍, 2021 ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കി.
ഒടുവില്‍ 2019-ലെ ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിനു ശേഷം ധോനി പിന്നീടൊരു അന്താരാഷ്ട്ര മത്സരത്തിനായി പാഡണിഞ്ഞില്ല. അന്ന് ഇന്ത്യന്‍ ഇന്നിങ്സിന്റെ 49-ാം ഓവറില്‍ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ നിന്ന് മാര്ട്ടിന് ഗുപ്റ്റില്‍ എറിഞ്ഞ ത്രോ ബാറ്റിങ് ക്രീസിലെ ബെയ്ല്‍സ് ഇളക്കുമ്പോള്‍ ക്രീസിലേയ്ക്ക് ധോനിയുടെ ബാറ്റിന് ഇഞ്ചുകളുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 49-ാം ഓവറിന്റെ മൂന്നാം പന്തില്‍ ധോനി റണ്ണൗട്ടായി മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടുനിന്നത്. അത്രയും നേരം തൊണ്ടപൊട്ടുമാറ് 'ധോനി, ധോനി' എന്ന് ആര്‍ത്തച്ചലച്ച സ്റ്റേഡിയം അതോടെ നിശബ്ദമായി. ഇന്ത്യന്‍ പ്രതീക്ഷയുടെ അവസാന വെട്ടവും അതോടെ അണഞ്ഞുപോയിരുന്നു. പിന്നാലെ 2020 ഓഗസ്റ്റ് 15-ന് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ധോനി തന്റെ വിരമിക്കല്‍ പ്രഖ്യാപനവും നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..