ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഹനുമ വിഹാരിയെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച വിവാദങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. കരുണ്‍ നായര്‍ക്കു പകരം വിഹാരിയെ ഉള്‍പ്പെടുത്തിയതിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍ തന്നെ രംഗത്തെത്തിയിരുന്നു.
എന്നാലിപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ അര്‍ധ സെഞ്ചുറി നേട്ടത്തോടെ തന്നെ ടീമിലെടുത്ത തീരുമാനം ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് വിഹാരി. മാത്രമല്ല സാക്ഷാല്‍ സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനുമൊപ്പം റെക്കോര്‍ഡ് ബുക്കിലിടം പിടിക്കാനും വിഹാരിക്കായി.
ഇംഗ്ലീഷ് മണ്ണില്‍ അരങ്ങേറ്റ ടെസ്റ്റ് ഇന്നിങ്‌സില്‍ അന്‍പതു റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ഹനുമ വിഹാരി. 124 പന്തുകള്‍ നേരിട്ട വിഹാരി 56 റണ്‍സെടുത്താണ് പുറത്തായത്.
റുസി മോദി 57 (1946), സൗരവ് ഗാംഗുലി 131 (1996), രാഹുല്‍ ദ്രാവിഡ് 95 (1996) എന്നിവരാണ് വിഹാരിക്കു മുന്‍പ് ഈ നേട്ടം കൈവരിച്ചത്. മാത്രമല്ല അരങ്ങേറ്റ ഇന്നിങ്‌സില്‍ തന്നെ അന്‍പതു റണ്‍സിലേറെ നേടുന്ന 26-ാമത്തെ ഇന്ത്യന്‍ താരമാണ് വിഹാരി.
ആന്ധ്രയില്‍ നിന്ന് 19 വര്‍ഷത്തിനിടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടുന്ന ആദ്യ താരമാണ് വിഹാരി. മുന്‍ സെലക്ടറായിരുന്ന എം.എസ്.കെ പ്രസാദായിരുന്നു ഇതിനുമുമ്പ് ആന്ധ്ര രഞ്ജി ടീമില്‍ നിന്ന് വന്ന അവസാന ഇന്ത്യന്‍ താരം. 63 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് 15 സെഞ്ചുറിയും 24 അര്‍ധ സെഞ്ചുറിയും അടക്കം 5142 റണ്‍സാണ് വിഹാരിയുടെ സമ്പാദ്യം. 302 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
Content Highlights: hanuma vihari scores fifty joins ganguly dravid