ന്യൂഡൽഹി: കളിച്ചിരുന്ന കാലത്ത് ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുണ്ടായിരുന്ന താരമായിരുന്നു മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവ്രാജ് സിങ്. ഇന്ത്യൻ ടീമിലെ മാച്ച് വിന്നർമാരിൽ ഒരാൾ. സീനിയർ ടീമിൽ കളിച്ച രണ്ടാം മത്സരത്തിൽ തന്നെ 2000-ലെ ഐ.സി.സി നോക്കൗട്ട് ടൂർണമെന്റിൽ ഓസീസിനെതിരേ 84 റൺസെടുത്ത് തുടങ്ങിയ യുവിയുടെ മത്സരം ജയിപ്പിക്കാനുള്ള കഴിവ് പ്രധാന ടൂർണമെന്റുകളിലെല്ലാം ടീമിന്റെ രക്ഷയ്ക്കെത്തി.

2002-ൽ ലോർഡ്സിൽ നടന്ന നാറ്റ്വെസ്റ്റ് ഫൈനൽ ജയം, 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് വിജയം, 2011-ലെ ലോകകപ്പ് വിജയം തുടങ്ങി പ്രധാന ടൂർണമെന്റുകളിലെല്ലാം ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത് യുവിയായിരുന്നു. 2007-ലെ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിലെ ആറു സിക്സും 2011 ലോകകപ്പിൽ ഓൾറൗണ്ട് പ്രകടനത്തോടെ പരമ്പരയുടെ താരമായ പ്രകടനവുമെല്ലാം യുവിക്ക് ഏറെ ആരാധകരെ സമ്മാനിച്ചിരുന്നു.

എന്നാൽ ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും കരിയറിൽ യുവിക്ക് ഒരു നിരാശയുണ്ട്. ഇന്ത്യയ്ക്കായി കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ സാധിച്ചില്ല എന്നതാണ് യുവിയെ നിരാശനാക്കിയ കാര്യം.

''തിരിഞ്ഞു നോക്കുമ്പോൾ ടെസ്റ്റിൽ എനിക്ക് കുറേക്കൂടി അവസരങ്ങൾ ലഭിക്കേണ്ടിയിരുന്നു എന്നാണ് തോന്നുന്നത്. സച്ചിൻ, ദ്രാവിഡ്, സെവാഗ്, ലക്ഷ്മൺ, സൗരവ് തുടങ്ങിയ താരങ്ങൾക്കിടയിൽ അക്കാലത്ത് അവസരം ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. മധ്യനിരയിൽ ഇടംകിട്ടുന്നതു തന്നെ ഏറെ ബുദ്ധിമുട്ടേറിയ സംഗതിയായിരുന്നു. പത്തിലേറെ ടെസ്റ്റുകളിൽ അവസരം ലഭിക്കുന്ന ഇന്നത്തെ തലമുറയുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾക്ക് ലഭിച്ചിരുന്നത് ഒന്നോ രണ്ടോ അവസരങ്ങൾ മാത്രമാണ്. ഗാംഗുലി വിരമിച്ചപ്പോഴാണ് എനിക്ക് അവസരം ലഭിക്കുന്നത്. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് കാൻസർ സ്ഥിരീകരിച്ചതോടെ എന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് മാറി. എങ്കിലും ഇതുവരെയുള്ള യാത്രയിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ രാജ്യത്തിനായി കളിച്ചതിൽ അതിയായ അഭിമാനവുമുണ്ട്.'' - ടൈംസ് നൗവിന് അനുവദിച്ച അഭിമുഖത്തിൽ യുവി പറഞ്ഞു.

ഇന്ത്യയ്ക്കായി 40 ടെസ്റ്റുകൾ കളിച്ച യുവ്രാജ് 33.92 ശരാശരിയിൽ 1,900 റൺസ് നേടിയിട്ടുണ്ട്. മൂന്നു സെഞ്ചുറികളും 11 അർധ സെഞ്ചുറികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: had played more Tests for India Yuvraj Singh reveals the one regret of his career