ബെംഗളൂരു: പഞ്ചാബ് ഓള്‍റൗണ്ടര്‍ ഗുര്‍കീരത് സിങ് മന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍. ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഗുര്‍കീരതിനെ കൂടി ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു. ഇതോടെ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലെ അംഗസംഖ്യ 17 ആയി.

ദക്ഷിണാഫ്രിക്കക്ക് എതിരായ എകദിന പരമ്പരയ്ക്കുള്ള സംഘത്തിലും ഗുര്‍കീരത് അംഗമായിരുന്നു. എന്നാല്‍ ഒരു കളിയില്‍ പോലും അവസാന ഇലവനില്‍ ഇടംകിട്ടിയിരുന്നില്ല. ഗുര്‍കീരത് ആദ്യമായാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തുന്നത്.

ഈ രഞ്ജി സീസണിലെ മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് ഗുര്‍കീരതിന് ടീമിലേക്കുള്ള വഴിതുറന്നത്. 21 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ നിന്നായി 49.20 ശരാശരിയില്‍ 1427 റണ്‍സാണ് ഈ ഇരുപത്തിയഞ്ചുകാരന്റെ സമ്പാദ്യം.

ഈ സീസണില്‍ റെയില്‍വേസിനെതിരെ നേടിയ ഇരട്ട സെഞ്ച്വറിയടക്കം മൂന്ന് സെഞ്ച്വറികളും ഏഴ് അര്‍ധസെഞ്ച്വറികളും ഗുര്‍കീരതിന്റെ പേരിലുണ്ട്. 18.86 ശരാശരിയില്‍ 30 വിക്കറ്റുകളും തന്റെ വലംകൈയ്യന്‍ ഓഫ് സ്പിന്നിലൂടെ ഗുര്‍കീരത് സ്വന്തമാക്കിയിട്ടുണ്ട്.

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ട്വന്റി-20, ഏകദിന പരമ്പരകള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ അടിയറവെച്ച ഇന്ത്യ സ്പിന്നര്‍മാരുടെ മികവിലാണ് ആദ്യ ടെസ്റ്റില്‍ ജയം കൊയ്തത്.