ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ഹീറോ ആയിരുന്നു ദീപക് ചാഹര്‍. ഏഴു വിക്കറ്റിന് 193 റണ്‍സെന്ന നിലയില്‍ നിന്ന് ദീപക് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പണ്ടൊരിക്കില്‍ ദീപക് നേരിട്ട അവഗണനയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസ് ബൗളര്‍ വെങ്കടേഷ് പ്രസാദ്. 

ഉയരക്കുറവ് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ടീമില്‍ നിന്ന് ദീപക് ചാഹറിനെ ഗ്രെഗ് ചാപ്പല്‍ ഒഴിവാക്കി. മറ്റൊരു തൊഴില്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും പരിഹസിച്ചു. ആ ചാഹറാണ് ഇന്ത്യയെ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ചത്. ചാഹറിന്റെ പൂര്‍ണമായ കഴിവുപോലും അദ്ദേഹം പുറത്തെടുത്തിട്ടില്ല. ഈ കഥയുടെ സാരാംശം ഇതാണ് 'നിങ്ങളില്‍ വിശ്വസിക്കുക്ക, വിദേശ പരിശീലകരുടെ വാക്കുകകള്‍ കാര്യമായി എടുക്കാതിരിക്കുക'. വെങ്കടേഷ് പ്രസാദ് വ്യക്തമാക്കുന്നു. 

ചെറുപ്പത്തില്‍ രാജസ്ഥാനിലെ ഹനുമന്‍ഗഡിലാണ് ചാഹര്‍ പരിശീലനം നടത്തിയിരുന്നത്. അവിടെവെച്ച് ചാപ്പല്‍ ചാഹറിനെ പരിചയപ്പെടുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ചാഹര്‍ ശ്രീലങ്കയ്‌ക്കെതിരേ എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി 82 പന്തില്‍ 69 റണ്‍സ് അടിച്ചെടുത്തു. ഇതോടെ ഇന്ത്യ മൂന്നു വിക്കറ്റിന് ലങ്കയെ പരാജയപ്പെടുത്തി. 

Content Highlights: Greg Chappell once rejected Deepak Chahar