ജൊഹാനസ്ബര്‍ഗ്: തനിക്കെതതിരേ മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ടാമി ടോലെകിലെ ഉയര്‍ത്തിയ വംശ വിവേചന ആരോപണങ്ങള്‍ തള്ളി മുന്‍ ക്യാപ്റ്റനും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (സി.എസ്.എ) പ്രസിഡന്റുമായ ഗ്രെയിം സ്മിത്ത്. 

ക്യാപ്റ്റനായിരുന്ന സമയത്ത് ദേശീയ ടീം തിരഞ്ഞെടുപ്പില്‍ സ്മിത്ത് വിവേചനം കാണിച്ചുവെന്നായിരുന്നു ടോലെകിലെയുടെ ആരോപണം. ആ ആരോപണം തന്നെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് സ്മിത്ത് ട്വിറ്ററില്‍ കുറിച്ചു.

2015-ല്‍ ഒത്തുകളി വിവാദങ്ങളെ തുടര്‍ന്ന് 12 വര്‍ഷത്തെ വിലക്ക് ലഭിച്ച താരമാണ് ടോലെകിലെ. എന്നാല്‍ ആ സമയത്ത് സ്മിത്ത് ആവശ്യമായ പിന്തുണ നല്‍കിയില്ലെന്നും താരം പറഞ്ഞിരുന്നു. മാത്രമല്ല തെറ്റ് ചെയ്തവരെ സംരക്ഷിക്കാന്‍ സി.എസ്.എ ശ്രമിച്ചെന്നും ടോലെകിലെ വിമര്‍ശനമുന്നയിച്ചിരുന്നു.

2003-ല്‍ 22-ാം വയസില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡോടെയാണ് സ്മിത്ത് ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്. 2014-ല്‍ വിരമിക്കുന്നതു വരെ അദ്ദേഹം ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

'സ്‌കൂളില്‍ ജൂനിയര്‍ തലത്തില്‍ എന്റെ ക്യാപ്റ്റനായിരുന്നു ടാമി ടോലെകിലെ. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് അദ്ദേഹവുമായി ഒരിക്കലും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിലെ നിരാശ വ്യക്തിപരമായ തലത്തില്‍ കൊണ്ടുവന്നിട്ടുമില്ല. എല്ലാ വിഭാഗത്തില്‍പ്പെട്ട കളിക്കാരുമായും എനിക്ക് നല്ല വ്യക്തിബന്ധം തന്നെ ഉണ്ടായിരുന്നു. കായിക രംഗത്ത് ഒരേസമയം എല്ലാവരുടെയും അംഗീകാരം നേടുകയെന്നത് അസാധ്യമായ കാര്യമാണ്. അക്കാലത്ത് നിലവിലെ മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചറായിരുന്നു ടീമിന്റെ വിക്കറ്റ് കീപ്പര്‍. അതേസമയം ടോലെകിലെ രണ്ടാമത്തെ നിരയിലും. എന്നാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്ന തരത്തില്‍ റണ്‍സ് കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.' - സ്മിത്ത് ട്വിറ്ററില്‍ കുറിച്ചു. 

ടീമിനെ പുതിയ ദിശയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചതോടെ സ്ഥാനം നഷ്ടമായ ഷോണ്‍ പൊള്ളോക്ക്, ലാന്‍സ് ക്ലൂസ്‌നര്‍, മഖായ എന്‍ടിനി എന്നിവരുടെ അനുഭവവും സ്മിത്ത് ഉദാഹരണമായി പറഞ്ഞു. 

ഇത്തരം ആരോപണങ്ങള്‍ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് കുറിച്ച സ്മിത്ത് സാധ്യമായ ഏറ്റവും ശക്തമായ രീതിയില്‍ തന്നെ അവയെല്ലാം നിഷേധിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

ടോലെകിലെ വിക്കറ്റ് കീപ്പറായതിനാല്‍ തന്നെ അദ്ദേഹത്തിന് ടീമിലെ ഒരു സ്ഥാനത്തിന് വേണ്ടി മാത്രം പോരാടേണ്ടതായി വന്നു. ദക്ഷിണാഫ്രിക്കയില്‍ ഇങ്ങനെ അന്താരാഷ്ട്ര തലത്തില്‍ അവസരം ലഭിക്കാത്ത നിരവധി മികച്ച വിക്കറ്റ് കീപ്പര്‍മാര്‍ ഉണ്ടായിരുന്നുവെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി. അതേസമയം ക്യാപ്റ്റനായിരുന്ന സമയത്ത് ടീം സെലക്ഷന്‍, മാച്ച് ഫീസ്, കരാറുകള്‍ എന്നിവ തീരുമാനിക്കുന്നതില്‍ താന്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.

Content Highlights: Graeme Smith denies allegations of racial discrimination by former player