ചെന്നൈ: ജീവിതത്തില്‍ ഇതിലും മികച്ചൊരു അഭിനന്ദനം മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പിയെ തേടിയെത്തിയിട്ടുണ്ടാകില്ല. അതും പേസ് ബൗളിങ്ങിന്റെ ആശാന്‍ ഗ്ലെന്‍ മഗ്രാത്തില്‍ നിന്ന്. ചെന്നൈയില്‍ എം.ആര്‍.എഫ് പേസ് ഫൗണ്ടേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു മഗ്രാത്ത്.
''ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ മികച്ച ബൗളര്‍മാരുണ്ട്. ബേസില്‍ തമ്പിയെപ്പോലുള്ള പുതുതാരങ്ങള്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ബേസില്‍ തമ്പിയെപ്പോലുള്ള താരങ്ങള്‍ നല്‍കുന്ന സഹായം ചെറുതാകില്ല'' മഗ്രാത്ത് ചൂണ്ടിക്കാട്ടി.
എം.ആര്‍.എഫ് അക്കാദമിയിലെ പഠനം ബേസിലിന്റെ ബൗളിങ്ങിനെ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ഐ.പി.എല്ലില്‍ മലയാളി താരം എമേര്‍ജിങ് കളിക്കാരനുള്ള പുരസ്‌കാരം നേടിയത് അതിനു തെളിവാണെന്നും മഗ്രാത്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ എം.ആര്‍.എഫില്‍ നിന്ന് മൂന്ന് താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. ബേസിലും അങ്കിത് രജ്പുതും അനികത് ചൗധരിയും.
നിലവില്‍ എം.അര്‍.എഫ് പേസ് ഫൗണ്ടേഷന്റെ ഡയറക്ടറാണ് ഓസീസ് താരം. യുവ ഫാസ്റ്റ് ബൗളര്‍മാരെ പരിശീലിപ്പിക്കുന്നത് ഏറെ ആസ്വദിക്കുന്നുണ്ടെന്നും തന്റെ കൈയിലുള്ള അറിവ് അവര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ സന്തോഷമേയുള്ളുവെന്നും മഗ്രാത്ത് പറഞ്ഞു.
നിലവില്‍ മികച്ച ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണെന്നും അറ്റാക്കിങ് ലെങ്തില്‍ പന്തെറിയാനുള്ള സ്റ്റാര്‍ക്കിന്റെ കഴിവ് പ്രശംസനീയമാണെന്നും മഗ്രാത്ത് അഭിപ്രായപ്പെട്ടു.