സിഡ്‌നി: സ്വിച്ച് ഹിറ്റിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍.

സ്വിച്ച് ഹിറ്റിനെ ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയ മുന്‍ ഓസീസ് ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു മാക്‌സ്‌വെല്‍.

ഈ ഷോട്ട് ക്രിക്കറ്റിന്റെ നിയമങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നതാണെന്ന് പറഞ്ഞ മാക്‌സ്‌വെല്‍ സ്വിച്ച് ഹിറ്റ് എന്നത് മറ്റ് പല കാര്യങ്ങള്‍ പോലെ ഈ കളിയുടെ പരിണാമത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു.

'' ഇത് കളിയുടെ നിയമങ്ങള്‍ക്കുള്ളിലാണ്. ബാറ്റിങ് രീതി അത്തരത്തിലാണ് വികസിച്ചത്. ഓരോ വര്‍ഷം കൂടുംതോറും അത് മെച്ചപ്പെട്ട് മെച്ചപ്പെട്ട് വരികയാണ്. അതിനാലാണ് ഇന്ന് വമ്പന്‍ സ്‌കോറുകള്‍ പിറക്കുന്നതും അവ പിന്തുടര്‍ന്ന് വിജയിക്കുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നത്. ഇതിനെ നേരിടേണ്ട ചുമതല ബൗളര്‍മാര്‍ക്കാണ്. ഓരോ ദിവസവും ബൗളര്‍മാരുടെ കഴിവുകള്‍ പരീക്ഷിക്കപ്പെടുന്നുണ്ട്. ബാറ്റ്‌സ്മാന്‍മാരെ തടയാന്‍ വ്യത്യസ്തമായ മാര്‍ഗങ്ങളുമായി ബൗളര്‍മാര്‍ വരേണ്ടതുണ്ട്.'' - മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വിച്ച് ഹിറ്റ് ബാറ്റ്‌സ്മാന് അനര്‍ഹമായ ആനുകൂല്യം നല്‍കുന്നുണ്ടെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണും പ്രതികരിച്ചിരുന്നു. ബൗളര്‍മാരെ പോലെ ബാറ്റ്‌സ്മാന്‍മാര്‍ക്കും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള അനുമതിയുണ്ടെന്നായിരുന്നു ഇതിന് മാക്‌സ്‌വെല്ലിന്റെ മറുപടി.

Content Highlights: Glenn Maxwell responds to criticism towards switch hit