മുംബൈ: ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ പരമ്പരകള്‍ക്കെതിരെ പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്. അന്താരാഷ്ട്ര മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ ബി.സി.സി.ഐ ശ്രദ്ധിക്കണമെന്നും പരമ്പരകള്‍ക്കിടയില്‍ ഇടവേളയുണ്ടാവുന്ന തരത്തില്‍ ഷെഡ്യൂള്‍ തയ്യാറാക്കണമെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണ സമിതി അംഗങ്ങളും ബി.സി.സി.ഐയുട ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്രിയുമായും നടത്തിയ വീഡിയോ കോണ്‍ഫെറെന്‍സിനിടെയാണ് ശാസ്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ലങ്കക്കെതിരായ പരമ്പക്ക് ശേഷം ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്.

സെപ്തംബര്‍ 17 മുതല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. അഞ്ചു ഏകദിനങ്ങളും മൂന്നു ടിട്വന്റിയുമാണ് പരമ്പരയിലുള്ളത്. തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്നതും യാത്ര ചെയ്യുന്നതും കളിക്കാരെ വലക്കുമെന്നാണ് രവി ശാസ്ത്രിയുടെ പക്ഷം. ഇത് മത്സരത്തെ ബാധിക്കുമെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. 

ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്ന് പരമ്പരകളാണ് ഇന്ത്യയെ ഇനി കാത്തിരിക്കുന്നത്. സെംപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 13 വരെ ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയാണ് ആദ്യം വരുന്നത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തും. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ ഏഴു വരെയാണ് കിവീസിനെതിരായ പരമ്പര.

ഒരു ആഴ്ച്ചക്കു ശേഷം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 24 വരെ ലങ്കക്കെതിരെ വീണ്ടും പരമ്പര നടക്കും. ലങ്കയുമായുള്ള പരമ്പര കഴിഞ്ഞാല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കണം. അവിടെ മൂന്ന് വീതം ടിട്വന്റിയും ഏകദിനവും നാല് ടെസ്റ്റുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.