മുംബൈ: വാലറ്റക്കാരുമൊത്തുള്ള ബാറ്റിങ്ങായിരുന്നു എജ്ബാസ്റ്റണിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഇന്നിങ്‌സിന്റെ പ്രത്യേകതയെന്ന് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍.

അതൊരു നായകന്റെ ഇന്നിങ്‌സ് തന്നെയായിരുന്നു. പ്രത്യേകിച്ചും വാലറ്റക്കാരുമൊത്തുള്ള കോലിയുടെ ബാറ്റിങ്. അതായിരുന്നു ആ ഇന്നിങ്‌സിന്റെ പ്രത്യേകത, ഗെയ്ല്‍ വ്യക്തമാക്കി. ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നില്‍ പതറിയ ഇന്ത്യന്‍ ബാറ്റിങ്ങിനെ പ്രചോദിപ്പിക്കാനും കോലിയുടെ ഈ ഇന്നിങ്‌സിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുംബൈയില്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നതിനാല്‍ മത്സത്തിന്റെ ഹൈലൈറ്റ്‌സ് മാത്രമാണ് കാണാന്‍ സാധിച്ചതെന്നു പറഞ്ഞ ഗെയ്ല്‍ ഒരു പരമ്പരയ്ക്ക് ലഭിക്കാവുന്ന മികച്ച തുടക്കം ഇതാണെന്നും കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ ഒരു പ്രചരണ പരിപാടില്‍ പങ്കെടുക്കവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയ്ക്ക് ഈ പരമ്പര വിജയിക്കാനാകുമെന്നും ഗെയ്ല്‍ പറഞ്ഞു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെയും വിരാട് കോലിയുടെയും ഇന്നിങ്‌സുകളില്‍ മികച്ചതേതെന്ന് ചോദിച്ചപ്പോള്‍ ഇതായിരുന്നു ഗെയ്‌ലിന്റെ മറുപടി; ''ഞാന്‍ റൂട്ടിന്റെ ഇന്നിങ്‌സ് കണ്ടില്ല, റണ്‍ഔട്ടും മൈക്ക് ഡ്രോപ്പും മാത്രമേ കണ്ടുള്ളൂ''.

സാം കറന്റേയും ബെന്‍ സ്റ്റോക്സിന്റേയും ബൗളിങ്ങിന് മുന്നില്‍ മറ്റു ബാറ്റ്സ്മാന്‍മാര്‍ കളി മറന്നപ്പോഴാണ് പാറ പോലെ ഉറച്ചുനിന്ന് ഇന്ത്യന്‍ നായകന്‍ തന്റെ 22-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. കോലി നേടിയ 149 റണ്‍സിന്റെ മികവില്‍ 274 റണ്‍സിലെത്താനും ഇന്ത്യയ്ക്കായി. ഇംഗ്ലീഷ് മണ്ണിലെ കോലിയുടെ ആദ്യ സെഞ്ചുറിയായിരുന്നു എജ്ബാസ്റ്റണിലേത്.

Content Highlights: gayle explains the best part about virat kohli's test ton