ന്യൂഡല്‍ഹി: യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യന്‍ ടീമിന് ഇപ്പോഴുള്ളതെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. ന്യൂസീലന്‍ഡിനെതിരായ സെമിഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോനിയുടെ വിരമിക്കലിനെ കുറിച്ച് ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം.
'ഇപ്പോള്‍ ഭാവിയിലേക്ക് നോക്കേണ്ട സമയമാണ്. ധോനി ക്യാപ്റ്റനായിരുന്നപ്പോള്‍ അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുകയായിരുന്നു ധോനി. ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയ്ക്കിടയില്‍ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോനി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ലോകകപ്പിനായി യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലായിരുന്നു ധോനിയുടെ ശ്രദ്ധ. ആ സമയങ്ങളില്‍ വൈകാരികമായ കാര്യങ്ങള്‍ മാറ്റിവെക്കണം. പ്രായോഗികമായി തീരുമാനങ്ങളെടുക്കണം.' ഗംഭീര്‍ വ്യക്തമാക്കി.
ധോനിക്ക് പകരം ആരെന്ന സാധ്യതയെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു. ഇന്ത്യയുടെ നാലാം നമ്പറിലെ പ്രശ്‌നം പരിഹരിക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മലയാളി താരം സഞ്ജു വി സാംസണെയാണ് ഗംഭീര്‍ മുന്നോട്ടുവെയ്ക്കുന്നത്.
സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള സമയമാണിത്. വിക്കറ്റ് കീപ്പറാകാനുള്ള കഴിവ് ആര്‍ക്കെല്ലാം ഉണ്ടോ അവരെയെല്ലാം പരീക്ഷിക്കണം. ആദ്യം അവര്‍ക്കെല്ലാം അവസരം കൊടുക്കുക. പ്രകടനം മോശമാണെങ്കില്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കുക. ഇങ്ങനെ അടുത്ത ലോകകപ്പിനുള്ള വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കാമല്ലോ..' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Gautam Gambhir wants MS Dhoni to make way for youngsters like Rishabh Pant and Sanju Samson