2011 ലെ ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി എങ്ങനെ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി ഗൗതം ഗംഭീര്‍. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 97 റണ്‍സെടുത്താണ് ഗൗതം ഗംഭീര്‍ പുറത്തായത്. അന്ന് സെഞ്ചുറി നഷ്ടപ്പെട്ടുപോയത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ എങ്ങനെയാണ് സെഞ്ചുറി നഷ്ടമായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗംഭീര്‍.
ആ സെഞ്ചുറി നഷ്ടത്തെക്കുറിച്ച് പല സ്ഥലങ്ങളിലും ഞാന്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. 97 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ എനിക്ക് എന്താണു പറ്റിയതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഞാന്‍ 97 റണ്‍സ് നേടി നില്‍ക്കുകയായിരുന്നു. ശ്രീലങ്കയെ തോല്‍പ്പിക്കുക എന്നതു മാത്രമായിരുന്നു മനസില്‍. വ്യക്തിഗത നേട്ടത്തെ കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് ബാറ്റ് വീശിയത്.
ഒരു ഓവര്‍ അവസാനിച്ചപ്പോള്‍ ധോനി എന്റെ അരികിലെത്തി. 'മൂന്ന് റണാണ് വേണ്ടത്. അത് കൂടി നേടൂ, സെഞ്ച്വറി സ്വന്തമാക്കൂ' എന്ന് ധോണി എന്നോട് പറഞ്ഞു. ഇതോടെ വ്യക്തിഗത സ്‌കോറിലേക്കു മനസ്സ് ശ്രദ്ധിച്ചു. അതിനു മുന്‍പ് എന്റെ എല്ലാ ലക്ഷ്യവും ശ്രീലങ്കയ്‌ക്കെതിരായ വിജയത്തില്‍ മാത്രമായിരുന്നു. അങ്ങനെ ചിന്തിച്ചതാണ് 43-ാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണം.'' ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ വിജയത്തില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധയെങ്കില്‍ എനിക്ക് എളുപ്പത്തില്‍ സെഞ്ചുറി തികയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഗംഭീര്‍ കുട്ടിച്ചേര്‍ത്തു.
സച്ചിന്‍ തെന്‍ഡുല്‍ക്കറും സെവാഗും പുറത്തായി രണ്ടിന് 32 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് ഗൗതം ഗംഭീര്‍ ഇന്ത്യയ്ക്കായി ബാറ്റു ചെയ്യാനെത്തുന്നത്. തളരാതെ ബാറ്റ് വീശിയ ഗംഭീര്‍ ധോണിയോടൊപ്പം 109 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് കെട്ടിപ്പടുത്തത്. 97 റണ്‍സെടുത്ത് നില്‍ക്കവെ 42ാം ഓവറില്‍ തിസാര പെരേര ഗംഭീറിനെ പുറത്താക്കി. തുടര്‍ന്ന് ധോണിയും യുവരാജ് സിങ്ങും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
Content Highlights: Gautam Gambhir reveals how MS Dhoni’s reminder led to his dismissal in 2011 World Cup final