ന്യൂഡൽഹി: സൗരവ് ഗാംഗുലി ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്നപ്പോഴാണ് ഗൗതം ഗംഭീർ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയ്ക്കും എം.എസ് ധോനിക്കും കീഴിലും ഗംഭീർ കളിച്ചു. വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോഴാണ് ഗംഭീർ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയത്. ഇങ്ങനെ 13 വർഷത്തെ കരിയറിൽ അഞ്ചു വ്യത്യസ്ത ക്യാപ്റ്റൻമാർക്ക് കീഴിൽ ഗംഭീർ കളിച്ചു.
ഈ അഞ്ചു പേരിൽ ആരാണ് മികച്ച ക്യാപ്റ്റൻ? ഈ ചോദ്യത്തിന് ഗംഭീറിന് കൃത്യമായ ഉത്തരമുണ്ട്. ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായ അനിൽ കുംബ്ലെയാണ് മികച്ച ക്യാപ്റ്റൻ എന്ന് ഗംഭീർ പറയുന്നു. 'റെക്കോഡുകളുടെ കാര്യം എടുത്തുനോക്കുകയാണെങ്കിൽ എം.എസ് ധോനി തന്നെയാണ് മികച്ച ക്യാപ്റ്റൻ. പക്ഷേ എന്റെ അഭിപ്രായത്തിൽ അനിൽ കുംബ്ലെക്ക് കീഴിൽ കളിച്ചതാണ് എനിക്ക് മികച്ച അനുഭവം സമ്മാനിച്ചത്.' സ്റ്റാർ സ്പോർട്സ് ഷോ ആയ ക്രിക്കറ്റ് കണക്റ്റഡിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.
'കൂടുതൽ കാലം ഇന്ത്യയുടെ ക്യാപ്റ്റനാകണം എന്ന് ഞാൻ ആഗ്രഹിച്ച താരം അനിൽ കുംബ്ലെയാണ്. കുംബ്ലെക്ക് കീഴിൽ ഞാൻ ഏകദേശം ആറു ടെസ്റ്റുകളെങ്കിലും കളിച്ചിട്ടുണ്ടാകും. അദ്ദേഹം കൂടുതൽ കാലം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നെങ്കിൽ പല റെക്കോഡുകളും തകരുമായിരുന്നു.' ഗംഭീർ കൂട്ടിച്ചേർത്തു.
2007 നവംബറിൽ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് കുംബ്ലെ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനാകുന്നത്. ആ സമയത്ത് ധോനി ആയിരുന്നു ഏകദിന, ട്വന്റി-20 ടീം ക്യാപ്റ്റൻ. 14 ടെസ്റ്റ് മത്സരങ്ങളിൽ കുംബ്ലെ ഇന്ത്യയെ നയിച്ചു. ഇതിൽ മൂന്നെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. അഞ്ച് ടെസ്റ്റുകൾ സമനില ആയപ്പോൾ ആറെണ്ണത്തിൽ പരാജയപ്പെട്ടു. 2008-ൽ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിനടിയിൽ കുംബ്ലെ വിരമിക്കലും പ്രഖ്യാപിച്ചു. ഇതോടെ ധോനി ടെസ്റ്റ് ടീം ക്യാപ്റ്റൻസി കൂടി ഏറ്റെടുത്തു.
content highlights: Gautam Gambhir on best captain he played under