ന്യൂഡല്‍ഹി: 2011 ലോകകപ്പ് ഫൈനലിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ വിന്നിങ് സിക്‌സിനോട് കാണിക്കുന്ന അമിത സ്‌നേഹം അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
28 വര്‍ഷങ്ങള്‍ക്കു ശേഷം 2011-ല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന്റെ ഒമ്പതാം വാര്‍ഷിക ദിനത്തിലാണ് ഗംഭീര്‍ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
2011-ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ വിജയിച്ച മത്സരത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് മത്സരം ജയിപ്പിച്ച ധോനിയുടെ സിക്‌സായിരുന്നു. ലോകകപ്പ് ജയത്തിന്റെ വാര്‍ഷികദിനമായ വ്യാഴാഴ്ച ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ ധോനിയുടെ ഈ സിക്‌സിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് മറുപടിയെന്നോണമാണ് ഗംഭീര്‍ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ രംഗത്തെത്തിയത്. 'ഒന്നോര്‍ക്കുക 2011 ലോകകപ്പ് ജയിച്ചത് ഇന്ത്യന്‍ ടീം ഒന്നടങ്കവും സപ്പോര്‍ട്ട് സ്റ്റാഫും ചേര്‍ന്നാണ്. ഒരു സിക്‌സിനോടുള്ള നിങ്ങളുടെ സ്‌നേഹം വല്ലാണ്ട് കൂടുന്നുണ്ട്', ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

2007 ട്വന്റി 20 ലോകകപ്പ് ഫൈനലിലും 2011 ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് പുറത്തെടുത്ത താരമാണ് ഗംഭീര്‍. പാകിസ്താനെതിരായ 2007 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ചുറി നേടിയ ഗംഭീര്‍ 2011 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിക്ക് വെറും മൂന്നു റണ്‍സകലെ വെച്ചാണ് പുറത്തായത്.
ടീമിന് ഒരു കൂട്ടുകെട്ട് ആവശ്യമുള്ള ഘട്ടത്തില്‍ ധോനിക്കൊപ്പം ക്രീസില്‍ ഉറച്ചുനിന്നതും ഗംഭീറായിരുന്നു. എന്നാല്‍ ബാറ്റിങ് ഓര്‍ഡരില്‍ സ്വയം മുന്നോട്ടുകയറി നാലാം നമ്പറില്‍ ഇറങ്ങി കളിച്ച് 91 റണ്‍സെടുത്ത ധോനിയായിരുന്നു ഫൈനലിലെ താരം. ഗംഭീറിന്റെ നിര്‍ണായക ഇന്നിങ്‌സിന്റെ സ്ഥാനം പലപ്പോഴും രണ്ടാമതായിപ്പോയിരുന്നു.
Content Highlights: Gautam Gambhir hit out at the obsession with MS Dhoni's famous winning six