ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് പുറത്തിറങ്ങാനാകാതെ വീടുകളിൽ കുരുങ്ങി മനസ്സുമടുത്തിരിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് നവോന്മേഷം പകരാൻ ഇന്ത്യൻ പ്രീമിയർ ലീഗിന് കഴിയുമെന്ന് മുൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീർ. കഴിഞ്ഞ 12 സീസണുകളേക്കാൾ ഏറ്റവും മികച്ച ഐ.പി.എൽ സീസണാണ് യു.എ.ഇയിൽ നടക്കാൻ പോകുന്നതെന്നും ഗംഭീർ പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ 'ക്രിക്കറ്റ് കണക്റ്റഡ്'എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.
'ഐ.പി.എൽ എവിടെയാണ് നടക്കുന്നത് എന്നതൊന്നും വിഷയമല്ല. യു.എ.ഇയാണ് ഇത്തവണത്തെ വേദി. ഏതു ഫോർമാറ്റിലുള്ള ക്രിക്കറ്റിനും യോജിച്ച വേദിയാണ് യു.എ.ഇ. മത്സരം നടക്കുന്നത് അവിടെയാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ഐ.പി.എൽ രാജ്യത്തിന് പുതിയ ഊർജം നൽകും. ഏതു കളിക്കാരനാണ് കൂടുതൽ റൺസ് നേടുന്നതെന്നോ, ആർക്കാണ് കൂടുതൽ വിക്കറ്റ് ലഭിക്കുന്നതെന്നോ, ഏതു ടീമാണ് കിരീടം നേടുന്നതെന്നോ ഒന്നും വിഷയമല്ല. രാജ്യത്തിന്റെ അന്തരീക്ഷം മെച്ചപ്പെടുത്താൻ അതു വേദിയൊരുക്കും. അതുകൊണ്ട് ഇതുവരെ നടന്ന ഐ.പി.എല്ലുകളെ അപേക്ഷിച്ച് വലിയൊരു ടൂർണമെന്റാണ് ഇക്കുറി നടക്കുക. കാരണം ഈ ഐ.പി.എൽ ജനങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതിന് കൂടിയാണ്.' -ഗംഭീർ വ്യക്തമാക്കുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനെന്ന നിലയിൽ രണ്ടു തവണ ഐ.പി.എൽ കിരീടമുയർത്തിയ താരമാണ് ഗംഭീർ. 2014, 2016 വർഷങ്ങളിലാണ് ഗംഭീറിന്റെ ക്യാപ്റ്റൻസിയിൽ കൊൽക്കത്ത ചാമ്പ്യൻമാരായത്.
content highlights: Gautam Gambhir Feels IPL 2020 Will Be Bigger Than Rest Of The IPL