കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവരുടെ ഗ്രൗണ്ടിലെ പെരുമാറ്റം വിവാദമാകുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗറിന്റെ ഡിആര്‍എസുമായി ബന്ധപ്പെട്ടാണ് വിരാട് കോലിയും അശ്വിനും കെ.എല്‍ രാഹുലും അതിരുവിട്ട് പെരുമാറിയത്.  ഈ ഔട്ട് ഡിആര്‍എസിലൂടെ തിരുത്തപ്പെട്ടതില്‍ കൃത്രിമമുണ്ടെന്ന ഗുരുതരമായ ആക്ഷേപം ഇന്ത്യന്‍ ടീം ഉന്നയിക്കുകയായിരുന്നു

21-ാം ഓവറില്‍ അശ്വിന്റെ പന്തില്‍ എല്‍ഗര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. ഇതോടെ എല്‍ഗര്‍ ഡിആര്‍എസ് ആവശ്യപ്പെട്ടു. റീപ്ലേയില്‍ പന്ത് സ്റ്റമ്പിന് മുകളിലൂടെ പോകുന്നതാണ് കണ്ടത്. എല്‍ഗറിന് ജീവന്‍ തിരിച്ചുകിട്ടി. 

ഇത് ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു. സ്റ്റമ്പ് മൈക്കിന് അടുത്തെത്തി താരങ്ങള്‍ പ്രതിഷേധം അറിയിച്ചു. വിജയിക്കാന്‍ ഇതിലും നല്ല വഴികള്‍ നോക്കുന്നതാണ് നല്ലത് എന്നായിരുന്നു അശ്വിന്റെ കമന്റ്. ദക്ഷിണാഫ്രിക്കന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സായ സൂപ്പര്‍ സ്‌പോര്‍ട്‌സിനോടായിരുന്നു അശ്വിന്‍ ഇങ്ങനെ വിളിച്ചുപറഞ്ഞത്.

അടുത്തത് കോലിയുടെ ഊഴമായിരുന്നു. എതിരാളിയെ മാത്രം നോക്കിയാല്‍ പോരെന്നും നിങ്ങളുടെ ടീമിലേക്കും നോക്കണമെന്നുമായിരുന്നു കോലിയുടെ കമന്റ്. ഒരു രാജ്യം മുഴവന്‍ 11 പേര്‍ക്ക് എതിരേ കളിക്കുന്നു എന്നാണ് കെഎല്‍ രാഹുല്‍ പ്രതികരിച്ചത്. 

ഇതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ഈ സമീപനം വലിയ പ്രതിഷേധത്തിന് കാരണമായി. മുന്‍താരങ്ങള്‍ ഇതിനെതിരേ രംഗത്തുവന്നു. പക്വതയില്ലാത്ത പ്രതികരണമാണ് കോലിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഇതു പ്രതീക്ഷിച്ചില്ലെന്നും മുന്‍താരം ഗൗതം ഗംഭീര്‍ വ്യക്തമാക്കി. 

'ഹൃദയം കൊടുത്താണ് കോലി കളിക്കുന്നത് എന്ന വാദമൊന്നും ഇവിടെ പ്രസക്തമല്ല. കോലിയുടെ പ്രതികരണം അതിരുവിട്ടു. ഇങ്ങനെയുള്ള കോലിയെ മാതൃകയാക്കാന്‍ സാധിക്കില്ല. വളര്‍ന്നുവരുന്ന ഒരു താരവും ഇത്തരം പെരുമാറ്റം കാണാന്‍ ആഗ്രഹിക്കില്ല. ടെസ്റ്റിന്റെ ഫലം എന്തുമാകട്ടെ. ഒരു ടെസ്റ്റ് ക്യാപ്റ്റനില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് ഇതല്ല. ഈ വിഷയത്തില്‍ കോച്ച് ദ്രാവിഡ് കോലിയോട് സംസാരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ദ്രാവിഡിനെ പോലൊരു ക്യാപ്റ്റന്‍ ഇത്തരത്തില്‍ പെരുമാറില്ല.' ഗംഭീര്‍ വ്യക്തമാക്കി.

 

Content Highlights: Gautam Gambhir Blasts Virat Kohli For His Stump Mic Reaction To DRS Controversy