ന്യൂഡല്‍ഹി: ക്രിക്കറ്റിലെ എക്കാലത്തെയും മഹാനായ താരങ്ങളില്‍ ഒരാളായാണ് ധോനിയെ പലരും വിലയിരുത്തുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ ആറും ഏഴും സ്ഥാനങ്ങളിലാണ് സ്ഥിരമായി ബാറ്റ് ചെയ്യാറുള്ളതെങ്കിലും ഏകദിനത്തില്‍ 50-ന് മുകളില്‍ ബാറ്റിങ് ശരാശരിയില്‍ 10773 റണ്‍സ് സ്വന്തമാക്കാന്‍ ധോനിക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് ലോക കിരീടങ്ങളടക്കം മൂന്ന് ഐ.സി.സി ട്രോഫികള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോനി.
മൂന്നാം നമ്പറിലിറങ്ങി ബാറ്റിങ് വെടിക്കെട്ടുകള്‍ തീര്‍ത്തിരുന്ന നീളന്‍ മുടിക്കാരനില്‍ നിന്ന് ക്യാപ്റ്റനായതോടെ ധോനി ബാറ്റിങ് ഓര്‍ഡറില്‍ സ്വയം താഴേക്കിറങ്ങുകയായിരുന്നു.
ധോനി മൂന്നാം നമ്പറില്‍ ബാറ്റിങ് തുടര്‍ന്നിരുന്നെങ്കില്‍ നിരവധി റെക്കോഡുകള്‍ അദ്ദേഹത്തിന് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് മുന്‍ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം. ധോനിക്ക് ക്യാപ്റ്റന്‍സി കൈമാറിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റിങ് തുടരുമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.
''എം.എസ് ഇന്ത്യന്‍ ക്യാപ്റ്റനായതോടെ പിന്നീട് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടില്ല. അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ ക്രിക്കറ്റ് ലോകത്തിന് തികച്ചും വ്യത്യസ്തനായ ഒരു താരത്തെ കാണാനാകുമായിരുന്നു. ഒരുപക്ഷേ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായ കാര്യങ്ങളിലൊന്ന് അതായിരിക്കും. അങ്ങനെ തുടര്‍ന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ അദ്ദേഹം കൂടുതല്‍ റണ്‍സ് നേടിയേനെ. നിരവധി റെക്കോഡുകളും തകര്‍ത്തേനെ. റെക്കോഡുകളുടെ കാര്യം മറന്നേക്കൂ, അവ തകര്‍ക്കപ്പെടാനുള്ളവ തന്നെയാണ്. ഇന്ത്യയുടെ ക്യാപ്റ്റനായില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്‌തേനെ. അങ്ങനെയായിരുന്നുവെങ്കില്‍ ലോകത്തെ ഏറ്റവും എക്‌സൈറ്റിങ്ങായ ക്രിക്കറ്റര്‍ അദ്ദേഹമായിരുന്നേനെ'', സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റ് പരിപാടിയില്‍ പങ്കെടുത്ത് ഗംഭീര്‍ ചൂണ്ടിക്കാട്ടി.
2004-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ധോനി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതോടെ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിരുന്നു. 2005-ല്‍ പാകിസ്താനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും ധോനി പുറത്തെടുത്ത വെടിക്കെട്ട് പ്രകടനം ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകാത്ത മുഹൂര്‍ത്തങ്ങളാണ്. മൂന്നാം നമ്പറില്‍ ബാറ്റുചെയ്യവേ ധോനിയുടെ ബാറ്റിങ് ശരാശരി 82 റണ്‍സായിരുന്നു.
Content Highlights: Gautam Gambhir believes MS Dhoni would have could have been a more prolific batsman he batted at No. 3