ജൊഹാനസ്ബര്‍ഗ്: ഗ്രെഗ് ചാപ്പലെന്ന ഓസ്‌ട്രേലിയക്കാരന്‍ കുഴച്ചുമറിച്ചിട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നേരെയാക്കാന്‍ 2007-ലാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന ഗാരി കേര്‍സ്റ്റണ്‍ എത്തുന്നത്. കോച്ചിങ് മേഖലയില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന ഗാരി, ടീം ഇന്ത്യയുടെ പരിശീലകനായത് തീര്‍ത്തും യാദൃശ്ചികമായിരുന്നു എന്നുവേണം കരുതാന്‍. വെറും ഏഴു മിനിറ്റിനുള്ളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന ഗ്ലാമറസ് പദവി ഗാരിയെ തേടിയെത്തിയത്. 

കോച്ചാകാനൊന്നും താത്പര്യമില്ലാതെ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ അഭിമുഖത്തിനെത്തി ഇന്ത്യയുടെ പരിശീലകനായി മാറിയ രസകരമായ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. ക്രിക്കറ്റ് കളക്ടീവിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചുള്ള സുനില്‍ ഗാവസ്‌ക്കറുടെ ഇ-മെയില്‍ ലഭിച്ചപ്പോള്‍ തട്ടിപ്പാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. അതുകൊണ്ടു തന്നെ അതിന് ഞാന്‍ മറുപടി കൊടുത്തില്ല. അതോടെ അദ്ദേഹം അഭിമുഖത്തിന് വരുമോ എന്നു ചോദിച്ച് മറ്റൊരു ഇ-മെയില്‍ കൂടി അയച്ചു. ഞാന്‍ അതെന്റെ ഭാര്യയെ കാണിച്ചു. അവര്‍ക്ക് ആളുമാറിക്കാണും എന്നായിരുന്നു അവളുടെ മറുപടി. യാതൊരു കോച്ചിങ് അനുഭവവും ഇല്ലാതിരുന്ന എനിക്ക് ഇതെല്ലാം വിചിത്രമായാണ് തോന്നിയത്'', ഗാരി പറഞ്ഞു.

ഒടുവില്‍ താന്‍ അഭിമുഖത്തിന്‌ ചെന്നുവെന്നും അവിടെ ക്യാപ്റ്റനായിരുന്ന അനില്‍ കുംബ്ലെയെ കണ്ട് ഇരുവരും ഒരുപാട് ചിരിച്ചെന്നും ഗാരി ഓര്‍ക്കുന്നു.

''അങ്ങനെ ഞാന്‍ അഭിമുഖത്തിന് ചെന്നു. തീര്‍ത്തും വിചിത്രമായിരുന്നു അത്. അവിടെയെത്തിയപ്പോള്‍ അപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന അനില്‍ കുംബ്ലെയെ കണ്ടു. എന്താണ് നിങ്ങളിവിടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നിങ്ങളെയെല്ലാം പരിശീലിപ്പിക്കാനുള്ള ഒരു അഭിമുഖത്തിനായി വന്നതാണെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അവിടെ മൊത്തും ചിരിയായിരുന്നു. ചിരിക്കാനുള്ള കാര്യം തന്നെയായിരുന്നു അത്'', ഗാരി ഓര്‍ത്തു.

പിന്നീട് ബി.സി.സി.ഐ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയാണ് തന്നെ സഹായിച്ചതെന്നും ഗാരി വെളിപ്പെടുത്തി. 

''ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയേക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം പങ്കുവെയ്ക്കാനായിരുന്നു ബോര്‍ഡിന്റെ സെക്രട്ടറി ആദ്യം എന്നോട് ആവശ്യപ്പെട്ടത്. എന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നോട് എന്തെങ്കിലും തയ്യാറാക്കി വരാന്‍ ആരും പറഞ്ഞില്ലെന്നും ഞാന്‍ മറുപടി നല്‍കി. ആ സമയം കമ്മിറ്റിയിലുണ്ടായിരുന്ന രവി ശാസ്ത്രി എന്നോട് ഇന്ത്യയെ തോല്‍പ്പിക്കാനായി ഞങ്ങളുടെ ടീം എന്തൊക്കെ തയ്യാറെടുപ്പുകളാണ് ചെയ്തിരുന്നതെന്ന് ചോദിച്ചു. ആ ചോദ്യം വലിയ ആശ്വാസമായി എനിക്ക് തോന്നി. രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍ ഞാനതിന് മറുപടിയും നല്‍കി. ശാസ്ത്രിയും മറ്റ് ബോര്‍ഡ് അംഗങ്ങളും ആ ഉത്തരത്തില്‍ തൃപ്തരാണെന്ന് തോന്നി. കാരണം മൂന്ന് മിനിറ്റുകള്‍ക്കു ശേഷം ഞാന്‍ അഭിമുഖത്തിനെത്തിയിട്ട് ഏഴു മിനിറ്റുകള്‍ക്കുള്ളില്‍ ബോര്‍ഡിന്റെ സെക്രട്ടറി ഒരു കരാര്‍ എനിക്കുനേരെ നീട്ടി'', ഗാരി പറഞ്ഞു.

Content Highlights: Gary Kirsten shares his experience on India coach job interview