മാഞ്ചെസ്റ്റര്‍: നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആശങ്ക പ്രകടിപ്പിച്ച് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമില്‍ കോവിഡ് രോഗം പരക്കുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് ഗാംഗുലി മത്സരത്തെക്കുറിച്ച് സംസാരിച്ചത്.

' നാളെ മത്സരം നടക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇന്ത്യന്‍ ക്യാമ്പിലെ നാലുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരങ്ങളുടെ ആര്‍.ടി.പി.സി.ആര്‍ ഫലം വന്നാല്‍ മാത്രമേ മത്സരത്തെക്കുറിച്ച് കൂടുതല്‍ പറയാനാകൂ.'- ഗാംഗുലി പറഞ്ഞു

ഇന്ന് ഇന്ത്യന്‍ ടീമിന്റെ ജൂനിയര്‍ ഫിസിയോ ആയ യോഗേഷ് പര്‍മാറിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നിര്‍ത്തി. യോഗേഷുമായി താരങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങളും കോവിഡ് ടെസ്റ്റിന് വിധേയരായി. 

നേരത്തേ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവിശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് കോലിയും സംഘവും ശ്രമിക്കുക. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. 

Content Highlights: Ganguly reacts after India's junior physio tests positive ahead of 5th Test