ന്യൂഡല്‍ഹി: ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇംഗ്ലണ്ടിലെ സതാംപ്ടണില്‍  നടക്കുമെന്ന് അറിയിച്ച് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയും ന്യൂസീലന്‍ഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 

ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് ഫൈനല്‍ നടക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പിന്നീട് വേദി മാറ്റുകയായിരുന്നു. പക്ഷേ എവിടെ വെച്ച് മത്സരം നടക്കുമെന്ന കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നു. 

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാലാണ് ലോര്‍ഡ്‌സില്‍ നിന്നും മത്സരം സതാംപ്ടണിലേക്ക് മാറ്റിയത്. 

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സതാംപ്ടണില്‍ വെച്ചുനടക്കും. ഇംഗ്ലണ്ടില്‍ ഇപ്പോഴും കോവിഡ് പരക്കുന്നുണ്ട്. എന്നാല്‍ സതാംപ്ടണില്‍ നമ്മള്‍ സുരക്ഷിതരാണ്. അവിടെ ഹോട്ടലുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതുകൊണ്ടാണ് ഫൈനല്‍ വേദി മാറ്റിയത്. ഇംഗ്ലണ്ടിന്റെ ചില മത്സരങ്ങള്‍ ഇവിടെ വെച്ചുനടത്താന്‍ തീരുമാനമായിട്ടുണ്ട്'-ഗാംഗുലി വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനക്കാരായി ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കാനും മുന്‍ ഇന്ത്യന്‍ നായകന്‍ മറന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര 3-1 ന് ജയിച്ചാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 

Content Highlights: Ganguly confirms India to play World Test Championship final against New Zealand in Southampton