കൊല്‍ക്കത്ത: ഇരട്ട പദവിയുടെ പേരില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനുമായ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സൗരവ് ഗാംഗുലി.

ഭിന്നതാത്പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്നു പറഞ്ഞ ഗാംഗുലി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള മികച്ച മാര്‍ഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ദൈവത്തോട് ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കണമെന്നും ഗാംഗുലി കുറിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Ganguly and Bhajji against BCCI for sending conflict of interest notice to Rahul Dravid

ഗാംഗുലിയെ പിന്തുണച്ച് ഭാജിയും

രാഹുല്‍ ദ്രാവിഡിനെതിരേ നോട്ടീസ് അയച്ച ബി.സി.സി.ഐ നടപടിയെ വിമര്‍ശിച്ച സൗരവ് ഗാംഗുലിക്ക് പിന്തുണയുമായി ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തി.

Ganguly and Bhajji against BCCI for sending conflict of interest notice to Rahul Dravid

ഇതെങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നു പറഞ്ഞ ഹര്‍ഭജന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ദ്രാവിഡിനേക്കാള്‍ നല്ലൊരു മനുഷ്യനെ ലഭിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇതിഹാസ താരങ്ങള്‍ക്ക് ഇത്തരം നോട്ടീസ് അയക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ക്രിക്കറ്റിന്റെ നല്ലതിന് ഇവരെപോലുള്ളവരുടെ സേവനം ആവശ്യമാണെന്നും ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം തന്നെ രക്ഷിക്കണമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

നോട്ടീസ് ഇരട്ട പദവി വഹിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന്

ഇരട്ട പദവി വഹിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ബി.സി.സി.ഐ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്ന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസയച്ചത്. 

നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നതാണ് ഇതിന് കാരണം. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എം.പി.സി.എ) ആജീവനാന്ത അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡി.കെ ജെയ്ന്‍, ദ്രാവിഡിനോട് വിശദീകരണം തേടിയിരിക്കുന്നത്. ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഉടമകളാണ് ഇന്ത്യ സിമന്റ്സ്.

പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ദ്രാവിഡിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഓഗസ്റ്റ് 16-നകം അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഡി.കെ ജെയ്ന്‍ പറഞ്ഞു. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വി.വി.എസ് ലക്ഷ്മണും എതിരെ ഇതേ വിഷയത്തില്‍ ഡി.കെ ജെയ്ന്‍ നോട്ടീസ് അയച്ചിരുന്നു.

Content Highlights: Ganguly and Bhajji against BCCI for sending conflict of interest notice to Rahul Dravid