ദുബായ്:  ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. യു.എ.ഇയില്‍ ഇന്ത്യക്കാരും പാകിസ്താന്‍കാരുമുള്ളതിനാല്‍ കളി കാണാന്‍ ഗാലറി നിറഞ്ഞുകവിയുമെന്നുറുപ്പാണ്. എന്നാല്‍ അതീവസുരക്ഷാ സംവിധാനത്തിന് കീഴിലാകും മത്സരം നടക്കുക. ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ് ഏജന്‍സികൾ മത്സരം വീക്ഷിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ ഡി കമ്പനിയുമായി ബന്ധപ്പെട്ട രണ്ട് പേരും മത്സരം കാണാനെത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുംബൈയിലും കറാച്ചിയിലുമുള്ള ദാവൂദിന്റെ കുടുംബാഗങ്ങള്‍ മത്സരം കാണാന്‍ ദുബായില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ നിന്ന് ദാവൂദിന്റെ പാകിസ്‌താനിലെ ഒളിസങ്കേതത്തെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നത്. 

ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങളോട് ദാവൂദിനുള്ള പ്രിയം പണ്ടേ പ്രസിദ്ധമാണ്. ഇതിനോട് അനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ വാതുവെപ്പും നടക്കാറുണ്ട്. ഇന്ത്യയെക്കൂടാതെ റഷ്യ, ചൈന, യു.എസ്.എ, യു.കെ തുടങ്ങിയ രാജ്യങ്ങളുടെ ഇന്റലിജന്‍സ് വിഭാഗമാണ് ദാവൂദിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ശ്രമിക്കുന്നത്. 

ഇന്ത്യ-പാക് മത്സരത്തിലെ വി.ഐ.പി സീറ്റിന് ഏകദേശം 1.15 ലക്ഷം രൂപയാണ് ടിക്കറ്റ് വില. ചൊവ്വാഴ്ച്ച ഹോങ് കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബുധനാഴ്ച്ച പാകിസ്താനെ നേരിടും. 

Content Highlights: Gangsters close to Dawood to attend India Pak Asia Cup match