ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ചെന്നൈയിലെത്തിയ ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ കോവിഡ് ടെസ്റ്റ് പൂര്‍ത്തീകരിച്ചു. എല്ലാ താരങ്ങളും കോവിഡ് നെഗറ്റീവാണ്. ഇതോടെ നാളെ മുതല്‍ ടീം പരിശീലനത്തിലേര്‍പ്പെടും.

ആറുദിവസത്തെ ക്വാറന്റീനിനുശേഷമാണ് ടീം അംഗങ്ങള്‍ കോവിഡ് ടെസ്റ്റിന് വിധേയരായത്. മൂന്നാം തവണയാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയശേഷം ടെസ്റ്റിന് വിധേയരാകുന്നത്.

ഇംഗ്ലണ്ട് ഇതിനുമുന്‍പ് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരമാണ് കളിച്ചത്. അതിനുശേഷം ടീം അംഗങ്ങള്‍ നേരിട്ട് ഇന്ത്യയിലെത്തുകയായിരുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ പങ്കെടുക്കാത്ത ജോഫ്ര ആര്‍ച്ചര്‍, റോറി ബേണ്‍സ്, ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ ഇംഗ്ലീഷ് താരങ്ങള്‍ നേരത്തേ ഇന്ത്യയിലെത്തി പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

ഇന്ത്യയുമായി നാല് ടെസ്റ്റ് മത്സരങ്ങളിലും മൂന്ന് ഏകദിനത്തിലും അഞ്ച് ട്വന്റി 20 മത്സരങ്ങളിലും ഇംഗ്ലണ്ട് ടീം കളിക്കും.

Content Highlights: Full England squad clears COVID-19 tests, to train from Tuesday