മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ചര്‍ച്ചയായ 2008-ലെ ടീം തിരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍.പി. സിങ്. ആ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരുന്ന ഏകദിന പരമ്പരയിലെ നാലും അഞ്ചും മത്സരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ ആര്‍.പി സിങ്ങിനു പകരം ഇര്‍ഫാന്‍ പത്താനെ ടീമിലെടുത്താല്‍ താന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് ധോനി സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഭീഷണി മുഴക്കിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. സെലക്ഷന്‍ കമ്മിറ്റി യോഗത്തിലെ കാര്യങ്ങള്‍ പുറത്തായത് അന്ന് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍.പി സിങ്. ധോനി ഒരിക്കലും പക്ഷപാതം കാണിക്കാറില്ലെന്നും തനിക്കായി സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ വാദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

അന്നത്തെ വിവാദം തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നു പറഞ്ഞ ആര്‍.പി സിങ് സ്വന്തം നിലപാടിലും ബോധ്യങ്ങളിലും വെള്ളംചേര്‍ക്കുന്നയാളല്ല ധോനിയെന്നും കൂട്ടിച്ചേര്‍ത്തു. ടീമുമായി ബന്ധപ്പെട്ട തന്റെ പദ്ധതിക്ക് കൂടുതല്‍ യോജിച്ച ആളുകളെ സംരക്ഷിക്കുന്ന രീതി ധോനിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''അന്നത്തെ പരമ്പരയില്‍ ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ എനിക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഈ സമയത്ത് രണ്ടോ മൂന്നോ അവസരം കൂടി കിട്ടുമെന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണല്ലോ? എന്നാല്‍ എനിക്കതിന് യോഗമുണ്ടായിരുന്നില്ല. ചിലര്‍ക്ക് അഞ്ച് അവസരം ലഭിക്കും. ഭാഗ്യമുള്ളവര്‍ക്ക് പത്തും. ഇതേ അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്''- ആര്‍.പി വ്യക്തമാക്കി.

പ്രകടനം മോശമാകുമ്പോഴെല്ലാം തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനയച്ചു. ചില കളിക്കാര്‍ക്ക് പ്രകടനം മോശമായാലും ടീമിനൊപ്പം ചേര്‍ന്ന് പരിശീലിക്കാന്‍ അവസരം കിട്ടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കളിയില്‍ മെച്ചപ്പെടാന്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ധോനിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആര്‍.പി പറഞ്ഞു. ധോനിക്ക് സൗഹൃദം വേറെ, ഇന്ത്യന്‍ ക്യാപ്റ്റനെന്ന സ്ഥാനം വേറെ. ആ സമയത്ത് കൂടുതല്‍ മെച്ചപ്പെട്ടയാകളെ അദ്ദേഹം പിന്തുണച്ചുവെന്നാണ് കരുതുന്നതെന്നും ആര്‍.പി കൂട്ടിച്ചേര്‍ത്തു.

Content Highlights: Friendship is different RP Singh Recalls MS Dhoni 2008 Selection Controversy