ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍മാരായ വിരാട് കോലിയേയും രോഹിത് ശര്‍മ്മയേയും പുകഴ്ത്തി മുന്‍ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ബട്ട്. കോലിയും രോഹിത്തും വാര്‍ത്താസമ്മേളനങ്ങളില്‍ സംസാരിക്കുന്ന രീതിയാണ് മുന്‍ പാക് നായകനെ ആകര്‍ഷിച്ചത്. കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാനും ആശയവിനിമയം നടത്താനുമുള്ള കഴിവ് തന്നെ രോഹിത്തിന്റെ ആരാധകനാക്കി മാറ്റിയെന്നും ബട്ട് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് പുതിയ കാര്യമല്ലെന്നും എംഎസ് ധോനിയുടെ കാലം മുതല്‍ പിന്തുടരുന്ന രീതിയാണിതെന്നും ബട്ട് ചൂണ്ടിക്കാണിച്ചു. നായകനും പരിശീലകനുമായി സ്ഥാനമേറ്റെടുത്തശേഷം രോഹിത്തും രാഹുല്‍ ദ്രാവിഡും നടത്തിയ വാര്‍ത്താസമ്മേളനത്തെക്കുറിച്ചാണ് ബട്ട് വാചാലനായത്. താരങ്ങള്‍ യന്ത്രങ്ങളല്ലെന്നും എല്ലാവര്‍ക്കു വിശ്രമം ആവശ്യമാണെന്നുമുള്ള രോഹിത് ശര്‍മ്മയുടെ അഭിപ്രായത്തോട് ബട്ട് യോജിച്ചു.

രോഹിത് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. എല്ലാ ജോലി ചെയ്യുന്നവര്‍ക്കും വിശ്രമം ആവശ്യമാണ്. താരങ്ങള്‍ക്ക് എല്ലാ ദിവസവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല, പക്ഷേ, ഒരു അന്താരാഷ്ട്ര കായികതാരത്തെ സംബന്ധിച്ച് സ്ഥിരത വളരെ പ്രധാനമാണെന്നും ബട്ട് പറഞ്ഞു. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നിരവധി ചോദ്യങ്ങള്‍ക്ക് രോഹിത്തും ദ്രാവിഡും കൃത്യവും പക്വവുമായ മറുപടി നല്‍കിയെന്നും ബട്ട് പറഞ്ഞു.

Content Highlights: former pakistan captain praises rohit and kohli