കോഴിക്കോട്: ടീം ഇന്ത്യയുടെ ചരിത്രത്താളുകളില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന വിജയമാണ് ഇന്ത്യ ഇന്ന് ഗാബയില്‍ നേടിയത്. അവസാന ദിനം ഓസീസ് ബൗളിങ് ആക്രമണത്തെ കൈകാര്യം ചെയ്ത് വിജയം പിടിച്ച ടീം ഇന്ത്യയുടെ പ്രകടനത്തെ വിലയിരുത്തുകയാണ് മുന്‍ രഞ്ജി താരവും പരിശീലകനുമായ പി. ബാലചന്ദ്രന്‍.

''തീര്‍ച്ചയായും അഭിനന്ദനീയമായിട്ടുള്ള ഒരു വിജയമാണിത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍വെച്ച് അവരുടെ ശക്തമായ ടീമിനെതിരേ നേടിയ വിജയം. അവരുടെ ബൗളിങ് സൈഡ് മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവരെല്ലാം ഫോമിലായിരുന്നു. അതോടൊപ്പം തന്നെ സ്മിത്ത്, ലബുഷെയ്ന്‍ എന്നിവരടക്കമുള്ള അവരുടെ ബാറ്റ്‌സ്മാന്‍മാരും മികച്ച ഫോമിലായിരുന്നു. സുസജ്ജമായ ഒരു ഓസ്‌ട്രേലിയന്‍ ടീമിനെ അവരുടെ മണ്ണില്‍വെച്ച് പരാജയപ്പെടുത്താന്‍ സാധിച്ചത് വലിയൊരു നേട്ടമായി ഇന്ത്യ കാണണം.'' - ബാലചന്ദ്രന്‍ പറഞ്ഞു.

''ഇന്ത്യയുടെ ഭാഗത്താണെങ്കില്‍ പ്രധാനപ്പെട്ട പല കളിക്കാരും പരിക്ക് മൂലം കളിക്കാന്‍ സാധിക്കാതെ വന്നു. അതോടൊപ്പം തന്നെ വിരാട് കോലിയെന്ന, ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്‌സ്മാന് തിരിച്ച് പോരേണ്ടി വന്നു. ഇത്തരത്തില്‍ എല്ലാം കൊണ്ടും പല പരിമിതികളും പല പോരായ്മകളും ഉള്ള ഒരു ടീമിനെ വിദഗ്ധമായി കൈകാര്യം ചെയ്ത് വിജയിപ്പിച്ച രഹാനെയ്ക്ക് അഭിനന്ദനം അറിയിക്കുകയാണ്.

36 റണ്ണിന് ഓള്‍ഔട്ടായ ഒരു ടീമിനെ അവിടെ നിന്ന് മാനസികമായി ഉയര്‍ത്തിക്കൊണ്ടുവന്ന് ഇതുപോലെയുള്ള വിജയിക്കുന്ന ഒരു ടീമാക്കി മാറ്റാന്‍ ഇത്രയും ചെറിയൊരു കാലയളവ് കൊണ്ട് സാധിച്ചു എന്ന് പറഞ്ഞാല്‍ അത് നിസ്സാര കാര്യമല്ല.

അതോടൊപ്പം തന്നെ എല്ലാ കളിക്കാരും തങ്ങളെ ഏല്‍പ്പിച്ച ചുമതലകള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു എന്നുള്ളത് എടുത്തുകാണിക്കേണ്ട കാര്യമാണ്. അപ്പോഴാണ് ഒരു ടീം നല്ല ടീമാകുന്നത്. പരിചയസമ്പത്തില്ലാത്ത ഒരു ബൗളിങ് നിര വളരെ വിദഗ്ധമായി പന്തെറിഞ്ഞ് ഓസീസിനെ പിടിച്ചുകെട്ടി. 

വാഷിങ്ടണ്‍ സുന്ദര്‍ എന്ന അരങ്ങേറ്റക്കാരന്റെ ഓള്‍റൗണ്ട് പ്രകടനം. അതേപോലെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ എന്ന നിലയിലുള്ള ശുഭ്മാന്‍ ഗില്ലിന്റെ രംഗപ്രവേശം ഇന്ത്യന്‍ ടീമിന് വളരെ വലിയൊരു മാറ്റമാണുണ്ടാക്കിയത്. അദ്ദേഹത്തിന്റെ പോസിറ്റീവ് സമീപനം പിന്നീട് വന്നവരിലേക്കും പകര്‍ന്നുകിട്ടി.

ഋഷഭ് പന്തിന്റെ ഇന്നിങ്‌സിനെ എടുത്തുപറയാതിരിക്കാന്‍ വയ്യ. അദ്ദേഹത്തിന്റെ മൂന്നാം ടെസ്റ്റിലെ പ്രകടനമായാലും നാലാം ടെസ്റ്റിലേതായാലും. ഇങ്ങനെ എല്ലാം ചേര്‍ത്ത് നോക്കുമ്പോല്‍, വ്യക്തികളല്ലാതെ ഒരു ടീം എന്ന നിലയില്‍ കളിക്കുമ്പോഴുള്ള ഒരു ടീമിന്റെ ശക്തി എന്താണെന്ന് തെളിയിച്ച മത്സരമായിരുന്നു നമ്മള്‍ ഇന്ന് കണ്ടത്.'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Former Kerala state cricket team coach P Balachandran on team India performance