ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളുടെ വരുമാനമെടുത്താൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്നത് ഇന്ത്യൻ താരങ്ങളാകും. വാർഷിക പ്രതിഫലത്തിനും മാച്ച് ഫീക്കും പുറമെ മികച്ച പ്രകടനം പുറത്തെടുത്താൽ ബോണസും ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കും. ഈ അധിക സമ്മാന തുക എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ മുൻതാരം ആകാശ് ചോപ്ര.

ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയാൽ ഏഴ് ലക്ഷം രൂപയും സെഞ്ചുറി നേടിയാൽ അഞ്ച് ലക്ഷം രൂപയും ബോണസായി ലഭിക്കും. അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബൗളർക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും. ഒരു ടെസ്റ്റ് മത്സരത്തിന്റെ മാച്ച് ഫീ ആയ 15 ലക്ഷത്തിന് പുറമേയാണ് ഈ പണം ലഭിക്കുക.

ചെന്നൈയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ അശ്വിൻ എട്ടു വിക്കറ്റും സെഞ്ചുറിയും നേടിയിരുന്നു. ഇതിലൂടെ അശ്വിന് ആ മത്സരത്തിൽ നിന്ന് ആകെ 25 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടാകുമെന്നും ചോപ്ര പറയുന്നു.

ഒരു ഏകദിനം കളിക്കുമ്പോൾ മാച്ച് ഫീ ആയി ലഭിക്കുന്നത് ആറു ലക്ഷം രൂപയാണ്. ട്വന്റി-20യിൽ ഇത് മൂന്നു ലക്ഷം രൂപയാണ്. ടീമിൽ ഉൾപ്പെട്ടിട്ടും പ്ലെയിങ് ഇലവനിൽ കളിക്കാത്ത താരങ്ങൾക്ക് മാച്ച് ഫീയുടെ 50 ശതമാനം ലഭിക്കും. ബോർഡർ-ഗാവസ്കർ ട്രോഫി വിജയിച്ച ഇന്ത്യൻ ടീമിന് അഞ്ചു കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

Content Highlights: Former Indian Player Reveals Bonus Money Paid to Indian Test Cricketers