Photo: AP
ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിന്റെ ബൗളിങ് ലൈനപ്പിനെ കുറിച്ചുള്ള പ്രവചനവുമായി മുന്‍ താരം ആശിഷ് നെഹ്റ രംഗത്ത്.
ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇരു ടീമിലെയും പേസര്‍മാരുടെ പ്രകടനം നിര്‍ണായകമാകുമെന്നും നെഹ്റ ചൂണ്ടിക്കാട്ടി. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാടക്കം രണ്ടു സ്പിന്നര്‍മാരും മൂന്നും പേസര്‍മാരുമായി ഇന്ത്യ കളത്തിലിറങ്ങുന്നതാകും ഉചിതമെന്ന് നെഹ്റ പറഞ്ഞു.
''ഇന്ത്യക്കും ന്യൂസീലന്‍ഡിനും വളരെ മികച്ച ഫാസ്റ്റ് ബൗളര്‍മാരുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ഫ്ളാറ്റ് ട്രാക്കുകളില്‍ പോലും മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ തക്ക മിടുക്കുള്ളവരാണ്. ഇവര്‍ മാത്രമല്ല ഇഷാന്ത് ശര്‍മയ്ക്കും അതു സാധിക്കും. 100 ടെസ്റ്റുകള്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള പേസറാണ് അദ്ദേഹം. ഇഷാന്തിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് കരുത്ത് പകരും.'' - ദ ടെലഗ്രാഫിന് അനുവദിച്ച അഭിമുഖത്തില്‍ നെഹ്റ പറഞ്ഞു.
''പച്ചപ്പുള്ള പിച്ചാണ് ഇംഗ്ലണ്ടില്‍ ഒരുക്കിയിരിക്കുന്നതെങ്കില്‍ അധികമായി ഒരു പേസറെക്കൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തണമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അത്രയും മികച്ച രീതിയിലാണ് അദ്ദേഹം ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പിച്ചില്‍ നേരത്തേ സൂചിപ്പിച്ചതു പോലെ പച്ചപ്പ് ഇല്ലെങ്കില്‍ ബുംറ, ഷമി, ഇഷാന്ത് എന്നിവരടക്കം മൂന്ന് പേസര്‍മാരെയും സ്പിന്നര്‍മാരായി അശ്വിനെയും ജഡേജയേയും ഉള്‍പ്പെടുത്തണം.'' - നെഹ്റ കൂട്ടിച്ചേര്‍ത്തു.
Content Highlights: Former India pacer Ashish Nehra predicted India bowling line-up for the WTC final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..