ന്യൂഡല്‍ഹി: രഞ്ജി ഇതിഹാസവും മുന്‍ ഇന്ത്യന്‍ താരവുമായ വസീം ജാഫറിന് ഇനി പരീശീലകന്റെ കുപ്പായം. താരത്തെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം.
രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ജാഫര്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മുംബൈക്കും അതിനു ശേഷം വിദര്‍ഭയ്ക്കായും കളിച്ച താരമാണ് വസീം ജാഫര്‍. രണ്ടു പതിറ്റാണ്ടിലേറെ കാലം നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്റെ ആഭ്യന്തര കരിയര്‍.
ഇതാദ്യമായാണ് അദ്ദേഹം ഒരു ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്. ''ഞാന്‍ ഏതെങ്കിലും ഒരു ടീമിന്റെ മുഖ്യ പരിശീലകനാകുന്നത് ഇതാദ്യമാണ്. ഏറെ വെല്ലുവിളി നിറഞ്ഞ ജോലിയാണ്. കരിയര്‍ അവസാനിപ്പിച്ചതിനു ശേഷം നേരെ പരിശീലനത്തിലേക്കാണ്'' - ജാഫര്‍ പറഞ്ഞു.
2018-19 സീസണിലാണ് ഉത്തരാഖണ്ഡ് രഞ്ജി ട്രോഫിയില്‍ അരങ്ങേറിയത്. പ്രഥമ സീസണില്‍ തന്നെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും അവര്‍ക്കു സാധിച്ചിരുന്നു. അന്ന് വിദര്‍ഭയോട് ഇന്നിങ്സിനും 115 റണ്‍സിനുമാണ് ഉത്തരാഖണ്ഡ് തോറ്റത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ അവര്‍ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സാധിച്ചിരുന്നില്ല.
ഇന്ത്യന്‍ ദേശീയ ടീമില്‍ 2000 മുതല്‍ 2008 വരെ വെറും എട്ടു വര്‍ഷം മാത്രമാണ് ജാഫര്‍ കളിച്ചത്. 2000 ഫെബ്രുവരി 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ജാഫറിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2008 ഏപ്രില്‍ 11-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്നെയായിരുന്നു അവസാന ടെസ്റ്റും.
31 ടെസ്റ്റുകളില്‍ നിന്ന് 1944 റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ഇക്കാലയളവിനുള്ളില്‍ അഞ്ച് സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും ആ ബാറ്റില്‍ നിന്ന് പിറന്നു.
എന്നാല്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേക്കു വരുമ്പോള്‍ ജാഫര്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്ക് കൈയും കണക്കുമില്ല. 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 50.67 ശരാശരിയില്‍ അടിച്ചുകൂട്ടിയിരിക്കുന്നത് 19,410 റണ്‍സാണ്. 57 സെഞ്ചുറികളും 91 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 1996-97 ലെ തന്റെ അരങ്ങേറ്റ സീസണില്‍ സൗരാഷ്ട്രയ്ക്കെതിരേ മുംബൈക്ക് വേണ്ടി നേടിയ 314* റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
24 വര്‍ഷക്കാലം ക്രിക്കറ്റ് മൈതാനങ്ങളില്‍ നിറഞ്ഞു നിന്ന അദ്ദേഹം 40 സെഞ്ചുറികളുമായി രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ താരമാണ്. മുംബൈ രഞ്ജി ടീമില്‍ കളിച്ചുതുടങ്ങിയ ജാഫര്‍ കരിയറിന്റെ അവസാന കാലത്ത് വിദര്‍ഭയിലേക്ക് ചുവടുമാറ്റിയിരുന്നു. മുംബൈയെ രണ്ടു തവണ രഞ്ജി കിരീടത്തിലേക്ക് നയിച്ച നായകനും കൂടിയാണ് ജാഫര്‍.
10 രഞ്ജി ട്രോഫി ഫൈനലുകള്‍ കളിച്ച ജാഫറിന്റെ ടീം ഒന്നില്‍ പോലും തോറ്റിട്ടില്ല. മുംബൈക്കൊപ്പം എട്ടു കിരീടങ്ങളും വിദര്‍ഭയ്ക്കൊപ്പം രണ്ട് കിരീട നേട്ടങ്ങളിലും പങ്കാളിയായി. വിദര്‍ഭയ്ക്കൊപ്പം റണ്ടു തവണ ഇറാനി കപ്പും വിജയിച്ചിട്ടുണ്ട്.
രഞ്ജി ട്രോഫിയുടെ രണ്ട് സീസണുകളില്‍ 1,000 റണ്‍സ് പിന്നിട്ട ഒരേയൊരു താരവും ജാഫറാണ്. 2008-09, 2019-20 സീസണുകളിലാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരവും 12,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരവും ജാഫറാണ്.
Content Highlights: Former India opener and domestic stalwart Wasim Jaffer appointed Uttarakhand head coach