Photo: Getty Images
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മുന്‍ താരം യുവ്രാജ് സിങ്. ഒരു കളിക്കാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും കോലിയുടെ വളര്‍ച്ചയെ താന്‍ നോക്കിക്കണ്ടുവെന്ന കാര്യം യുവി കത്തില്‍ കുറിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലും ഒന്നിച്ച് കളിച്ചിരുന്ന ഇരുവരും മൈതാനത്തിനകത്തും പുറത്തും പ്രത്യേക അടുപ്പം സൂക്ഷിക്കുന്നവരാണ്.
തന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് രാജ്യത്തെ നിരവധി കളിക്കാരെ കോലി പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് കുറിച്ച യുവി, റണ്‍ചേസുകളില്‍ ഇനിയുമേറെ തവണ കോലിയില്‍ നിന്ന് അവിസ്മരണീയമായ പ്രകടനങ്ങള്‍ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
ട്വിറ്ററിലൂടെയാണ് യുവി തന്റെ കത്ത് പുറത്തുവിട്ടത്. ഇതിനൊപ്പം കോലിക്ക് ഒരു സ്പെഷ്യല്‍ എഡിഷന് ഗോള്‍ഡന്‍ ബൂട്ടും യുവി സമ്മാനിച്ചു.
'വിരാട്, ഒരു വ്യക്തിയെന്ന നിലയിലും ഒരു കളിക്കാരനെന്ന നിലയിലും നിങ്ങളുടെ വളര്‍ച്ച ഞാന്‍ കണ്ടിട്ടുണ്ട്. നെറ്റ്സിലെ ആ ചെറിയ പയ്യന് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കൊപ്പം തോളോട് തോള്‍ചേര്‍ന്ന് നടക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ സ്വയം ഒരു ഇതാഹാസമാണ്, പുതിയൊരു തലമുറയ്ക്ക് വഴികാണിച്ചുകൊടുക്കുന്നയാള്. നിങ്ങളുടെ അച്ചടക്കവും കളിക്കളത്തിലുള്ള അഭിനിവേശവും സ്പോര്‍ട്സിനോടുള്ള അര്‍പ്പണബോധവും, നീല ജേഴ്സി സ്വപ്നം കണ്ട് ബാറ്റ് കൈയിലെടുക്കുന്ന രാജ്യത്തെ ഓരോ കൊച്ചുകുട്ടിക്കും പ്രചോദനമാണ്.' - യുവി കുറിച്ചു.
കോലി ഇതിനോടകം തന്നെ ക്രിക്കറ്റില്‍ വളരെയധികം നേട്ടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞുവെന്ന് കുറിച്ച യുവി അദ്ദേഹത്തെ ഒരു ഇതിഹാസ ക്യാപ്റ്റനെന്നും അതിശയകരമായ നേതാവെന്നും വിശേഷിപ്പിക്കുകയും ചെയ്തു. 'ലോകത്തിന് മുഴുവന്‍ നീ കിങ് കോലിയാണെങ്കില്‍ എനിക്ക് നീ എന്നും എന്റെ ചീക്കവാണ്' എന്ന് കുറിച്ചാണ് യുവി, കോലിക്കുള്ള കത്ത് അവസാനിപ്പിക്കുന്നത്.
Content Highlights: Former India all-rounder Yuvraj Singh penned a heartfelt note for ex-captain Virat Kohli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..