Photo: Getty Images
ലാഹോര്‍: ആസാദ് റഊഫ് എന്ന പാകിസ്താന്‍കാരനായ അമ്പയറെ അറിയാത്ത ക്രിക്കറ്റ് ആരാധകര്‍ ചുരുക്കമാണ്. ഒരു കാലത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ അനായാസം നിയന്ത്രിച്ചിരുന്ന ആസാദ് പെട്ടെന്ന് ക്രിക്കറ്റില്‍ നിന്ന് അപ്രത്യക്ഷനായി.
ഇപ്പോഴിതാ വീണ്ടും ആസാദ് വാര്‍ത്തകളില്‍ നിറയുകയാണ്. പക്ഷേ അമ്പയറായിട്ടല്ല എന്നുമാത്രം. അമ്പയറിങ് ജോലി വിട്ട ആസാദ് ഇപ്പോള്‍ പാകിസ്താനില്‍ സ്വന്തമായി വസ്ത്രവ്യാപാരം നടത്തുകയാണ്. 2000 മുതല്‍ 2013 വരെ 170 അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ച ആസാദ് വസ്ത്രം വിറ്റ് ജീവിക്കുന്ന വാര്‍ത്ത അത്ഭുതത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
2013 വരെ ക്രിക്കറ്റില്‍ സജീവമായിരുന്ന ആസാദിന് ഐ.പി.എല്ലിലെ ഒത്തുകളിയെത്തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തി. വിവാദമായ 2013 ഐ.പി.എല്ലില്‍ ആസാദ് ഒത്തുകളിയ്ക്ക് കൂട്ടുനിന്നെന്ന ആരോപണം ശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് 2016-ല്‍ ഇദ്ദേഹത്തിന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയിരുന്നു.
' 2013 മുതല്‍ ഞാന്‍ ക്രിക്കറ്റുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല. ഒരിക്കല്‍ ഞാനത് ഉപേക്ഷിച്ചതാണ്. ഇനിയൊരു തിരിച്ചുവരവില്ല. ഇപ്പോള്‍ എനിക്ക് വേണ്ടിയല്ല എന്റെ കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഞാന്‍ വസ്ത്രം വില്‍ക്കുന്നത്.' -ആസാദ് പാക് മാധ്യമമായ പാക് ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കരിയറില്‍ 49 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ട്വന്റി 20 മത്സരങ്ങളും നിയന്ത്രിച്ച ആസാദ് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ എലൈറ്റ് അമ്പയര്മാരിലൊരാളായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..