ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റോബിന്‍ ജാക്ക്മാന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഇംഗ്ലണ്ടിനായി നാല് ടെസ്റ്റ് മത്സരങ്ങളിലും 15 ഏകദിന മത്സരങ്ങളിലും ഇദ്ദേഹം കളിച്ചിട്ടുണ്ട്. 

1966 മുതല്‍ 1982 വരെയുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറില്‍ 399 മത്സരങ്ങളില്‍ നിന്നും 1402 വിക്കറ്റുകള്‍ നേടി ആരാധകരുടെ മനസ്സില്‍ ഇടം നേടിയ ഫാസ്റ്റ് ബൗളറാണ് റോബിന്‍ ജാക്ക്മാന്‍. ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം പിന്നീട് സൗത്ത് ആഫ്രിക്കയിലേക്ക് ചേക്കേറി അവിടെ ക്രിക്കറ്റ് കമന്റേറ്ററായി പ്രവര്‍ത്തിച്ചു. 

ഇംഗ്ലണ്ടിനായി 1974-ല്‍ ഏകദിന മത്സരങ്ങളിലൂടെയാണ് ജാക്ക്മാന്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യമത്സരം ഇന്ത്യയ്‌ക്കെതിരെയായിരുന്നു. 1981-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് മത്സരത്തിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. 1983 ഫെബ്രുവരി 26 ന് ന്യൂസിലന്‍ഡിനെതിരയുള്ള ഏകദിനത്തിലാണ് ജാക്ക്മാന്‍ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. 

ഇംഗ്ലണ്ടിനായി നാല് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളും 15 ഏകദിനങ്ങളില്‍ നിന്നും 19 വിക്കറ്റുകളും വീഴ്ത്താന്‍ ജാക്ക്മാന് സാധിച്ചു. 

Content Highlights: Former England cricketer Robin Jackman passes away at 75