സതാംപ്ടണ്‍:  ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പ്രതികരണങ്ങളുമായി മുന്‍ താരങ്ങള്‍ രംഗത്ത്. ഇന്ത്യ 60 റണ്‍സിന് തോറ്റതോടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും സൗരവ് ഗാംഗുലിയും മുഹമ്മദ് കൈഫുമെല്ലാം അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

മികച്ച ടെസ്റ്റ് മല്‍സരമാണ് സതാംപ്ടണില്‍ കണ്ടതെന്ന് ചൂണ്ടിക്കാട്ടിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, വിജയികളായ ഇംഗ്ലണ്ടിനെ അനുമോദിച്ചു. മല്‍സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോ്‌ലിയുടെ പ്രകടനം വേറിട്ടുനില്‍ക്കുന്നതാണെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. അതേസമയം ഇത്തരം സാഹചര്യങ്ങളില്‍ അമ്പയറെന്ന നിലയില്‍ കുമാര്‍ ധര്‍മസേനയും മികച്ചുനിന്നതായി ഗാംഗുലി വിലയിരുത്തി.

ഒരൊറ്റ കാരണം കൊണ്ട് തോല്‍വിയേയും വിജയത്തേയും വിലയിരുത്താനാവില്ല. എന്നാല്‍  ഇന്ത്യന്‍ ടീമിലെ ഏക സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനും ഇംഗ്ലണ്ട് ടീമിലെ സ്പിന്‍ ബൗളര്‍ മോയിന്‍ അലിയും തമ്മില്‍ കളത്തില്‍ പ്രകടമായ വ്യത്യാസമായിരുന്നു ഇരു ടീമുകളുടെയും പ്രകടനത്തില്‍ നിര്‍ണായകമായതെന്നും മുന്‍ ക്യാപ്റ്റന്‍ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. 

ആദ്യ ടെസ്റ്റിലെന്ന പോലെ നാലാം ടെസ്റ്റിലും സാം കറന്റെ പ്രകടനം വേറിട്ടുനിന്നു. ഇന്ത്യയില്‍ നിന്ന് ഇംഗ്ലണ്ടിനുള്ള ആനുകൂല്യം സ്പിന്‍ ബൗളര്‍ മോയിന്‍ അലി തന്നെയായിരുന്നു. മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു.  ഇംഗ്ലണ്ട് അവരുടെ നാട്ടില്‍ ഇന്ത്യയെ സ്പിന്നിലൂടെ വീഴ്ത്തിയതു ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും രംഗത്തെത്തി. മോയിന്‍ അലിയുടെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Former Cricketers React to India’s 60 run Defeat at Southampton to Concede Series