ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള പിച്ചൊരുക്കാനുള്ള ചുമതലയില്‍ നിന്ന് ക്യുറേറ്ററെ മാറ്റി ബി.സി.സി.ഐ.

ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ രണ്ടാം ടെസ്റ്റിനുള്ള പിച്ചൊരുക്കുന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ ചീഫ് ഗ്രൗണ്ട്‌സ്മാന്‍ വി. രമേശ് കുമാറാണ്. ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിനു പോലും പിച്ചൊരുക്കി പരിചയമില്ലാത്തയാളാണ് രമേശ്.

ആദ്യ ടെസ്റ്റിന് പിച്ചൊരുക്കിയ സെന്‍ട്രല്‍ സോണ്‍ ക്യുറേറ്റര്‍ തപോഷ് ചാറ്റര്‍ജിയെ ആദ്യ ടെസ്റ്റിന് ശേഷം അടിയന്തരമായി വിജയ് ഹസാരെ ട്രോഫിക്കുള്ള പിച്ചുകളുടെ വിലയിരുത്തലിനായി ബി.സി.സി.ഐ മാറ്റുകയായിരുന്നു. 

ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്കു പിന്നാലെ പിച്ചിനെ കുറിച്ച് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടീം മാനേജ്‌മെന്റും പിച്ചിന്റെ കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

ആദ്യ രണ്ടു ദിനം ബൗളര്‍മാര്‍ക്ക് യാതൊരു സഹായവും പിച്ചില്‍ നിന്ന് ലഭിച്ചിരുന്നില്ല. പക്ഷേ മൂന്നാം ദിനം മുതല്‍ പിച്ചിന്റെ സ്വഭാവം പാടേ മാറി. അവസാന ദിനം പിച്ചില്‍ നിന്ന് പൊടി ഉയരുന്ന അവസ്ഥ വരെയുണ്ടായി.

Content Highlights: Following the defeat in the first Test BCCI has removed its curator