സിഡ്നി: കുല്‍ദീപ് യാദവിന്റെ അഞ്ചു വിക്കറ്റ് നേട്ടത്തോടെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ ഫോളോ ഓണിനു വിട്ട് ഇന്ത്യ. 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988-ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. 

നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കോലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ഫോളോ ചെയ്യുന്ന ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ ഇപ്പോഴും 316 റണ്‍സ് പിറകിലാണ് ഓസ്‌ട്രേലിയ. സിഡ്‌നിയില്‍ വെളിച്ചക്കുറവു മൂലം കളി നിര്‍ത്തിവെച്ചിരിക്കുകയാണ്. 

ഒന്നാം ഇന്നിങ്സില്‍ ഓസീസിനെ 300 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 322 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവാണ് ഓസീസിനെ തകര്‍ത്തത്. മഴ മൂലം നാലാം ദിനത്തിലെ ആദ്യ സെഷന്‍ മുഴുവന്‍ നഷ്ടമായിരുന്നു. 

Content Highlights: follow on for australia after 30 years