സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്രതിരോധത്തിന്റെ കോട്ടകെട്ടി വിജയത്തോളം പോന്ന ഒരു സമനില നേടിയെടുത്തിരിക്കുകയാണ് ടീം ഇന്ത്യ.
വിരാട് കോലിയുടെ അഭാവത്തിലും പരിക്ക് കാരണം മുഹമ്മദ് ഷമി, ഉമേഷ് യാദവ് തുടര്‍ന്ന് മത്സരത്തിനിടെ രവീന്ദ്ര ജഡേജ എന്നിവരെയെല്ലാം നഷ്ടമായിട്ടും ഇന്ത്യ കാണിച്ച ഈ പോരാട്ടവീര്യത്തില്‍ കൈയടിക്കാതിരിക്കുന്നതെങ്ങിനെ.
നാലാം ഇന്നിങ്‌സില്‍ 131 ഓവറുകളാണ് ഇന്ത്യ ബാറ്റ് ചെയ്തത്. അഞ്ചാം ദിനം ഒരു ഓവര്‍ ബാക്കിയുള്ളപ്പോള്‍ ഇന്ത്യ അഞ്ചിന് 334 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മത്സരം അവസാനിപ്പിക്കാന്‍ ഇരു ടീമും തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ 19 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിങ്‌സില്‍ ഇന്ത്യ നൂറിലേറെ ഓവറുകള്‍ ബാറ്റ് ചെയ്യുന്നത്.
2002-ല്‍ ലോര്‍ഡ്‌സ് ടെസ്റ്റിലാണ് ഇന്ത്യ അവസാനമായി നാലാം ഇന്നിങ്‌സില്‍ ഇന്ത്യ നൂറിലേറെ ഓവറുകള്‍ ബാറ്റ് ചെയ്തത്. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ താരം അജിത്ത് അഗാര്‍ക്കറുടെ സെഞ്ചുറി പിറന്ന മത്സരത്തില്‍ 109. 4 ഓവറുകളാണ് ഇന്ത്യ നേരിട്ടത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഓസീസ് മണ്ണിലെ ഇന്ത്യയുടെ മികച്ച നാലാം ഇന്നിങ്‌സ് ബാറ്റിങ്ങായിരുന്നു സിഡ്‌നിയിലേത്. 2015-ല്‍ സിഡ്‌നിയില്‍ തന്നെ നാലാം ഇന്നിങ്‌സില്‍ 89.5 ഓവറുകള്‍ പിടിച്ചുനിന്നതായിരുന്നു മുന്‍പത്തെ റെക്കോഡ്.
2012-ല്‍ അഡ്ലെയ്ഡില്‍ 148 ഓവറുകള്‍ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ പേരിലാണ് ഓസീസ് മണ്ണിലെ മികച്ച നാലാം ഇന്നിങ്‌സിലെ മികച്ച പ്രകടനം.
Content Highlights: first time since 2002 India bat over 100 overs in 4th innings