ബ്രിസ്‌ബെയ്ൻ: നാലാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര 2-1 ന് സ്വന്തമാക്കിയ ഇന്ത്യ തകര്‍ത്തത് ഓസ്‌ട്രേലിയയുടെ 32 വര്‍ഷത്തെ ഒരു റെക്കോഡ്. നാലാം ടെസ്റ്റിന് വേദിയായ ബ്രിസ്‌ബെയ്നിലെ ഗാബ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയ 1988-ന് ശേഷം തോല്‍വിയറിഞ്ഞിട്ടില്ല. എന്നാല്‍ ഇന്നത്തെ ഉജ്ജ്വല വിജയത്തോടെ ഇന്ത്യ ആ റെക്കോഡ് തകര്‍ത്ത് തരിപ്പണമാക്കി.

1988-ല്‍ വെസ്റ്റ് ഇന്‍ഡീസിനോടാണ് ഓസ്‌ട്രേലിയ അവസാനമായി ഗാബയില്‍ പരാജയപ്പെട്ടത്. അതിനുശേഷം നടന്ന 31 മത്സരങ്ങളില്‍ 24 എണ്ണത്തിലും ഓസിസ് വിജയം നേടി. ഏഴുമത്സരങ്ങള്‍ സമനിലയിലുമായി.

ഋഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ ഓസിസ് കാത്തുസൂക്ഷിച്ച റെക്കോഡ് പഴങ്കഥയായി. ഇന്ത്യ ഇതിനുമുന്‍പ് ഇവിടെ ആറുമത്സരങ്ങളാണ് ഇതുവരെ കളിച്ചത്. അതില്‍ അഞ്ചെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം സമനിലയിലായി.

ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസിസിനെ കീഴടക്കി പരമ്പര സ്വന്തമാക്കിയ 2018-19 സീസണില്‍, ഗാബ മത്സരത്തിന് വേദിയായിരുന്നില്ല.

Content Highlights: First time in 32 years - Team India breach Fortress Gabba