മൗണ്ട് മൗംഗനൂയി: ട്വന്റി 20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ഏകദിന പരമ്പര തൂത്തുവാരി ന്യൂസീലന്‍ഡ് ഇന്ത്യയോട് പകരം വീട്ടിയിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് ജയത്തോടെയാണ് കിവീസ് ഇന്ത്യയെ 'വൈറ്റ് വാഷ്' ചെയ്തത്.

ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലുമുള്ള ഒരു ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത് 1989-ന് ശേഷം ഇതാദ്യമായാണ്. അതായത് 31 വര്‍ഷത്തിനിടെ ആദ്യം.

1988-89ല്‍ നടന്ന ഏകദിന പരമ്പര 5-0ന് തൂത്തുവാരിയ വെസ്റ്റിന്‍ഡീസാണ് ഇതിനു മുമ്പ് ഇന്ത്യയെ ഒരു പരമ്പരയില്‍ സമ്പൂര്‍ണമായി പരാജയപ്പെടുത്തിയത്.

ഏകദിന പരമ്പരകളില്‍ ഇന്ത്യയുടെ സമ്പൂര്‍ണ പരാജയങ്ങള്‍

0-5 വെസ്റ്റിന്‍ഡീസ് - 1983/84

0-5 വെസ്റ്റിന്‍ഡീസ് - 1988/89

0-4 ദക്ഷിണാഫ്രിക്ക  - 2006-07 (പരമ്പരയിലെ ഒരു മത്സരം ഉപേക്ഷിച്ചിരുന്നു)

0-3 ന്യൂസീലന്‍ഡ് 2019/20

മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 47.1 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഹെന്റി നിക്കോള്‍സ്, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം എന്നിവരുടെ ഇന്നിങ്‌സുകളാണ് കിവീസിന്റെ ജയത്തില്‍ നിര്‍ണായകമായത്.

103 പന്തുകള്‍ നേരിട്ട നിക്കോള്‍സ് ഒമ്പത് ബൗണ്ടറികളോടെ 80 റണ്‍സെടുത്തു. പരമ്പരയില്‍ നിക്കോള്‍സിന്റെ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. മറുവശത്ത് തകര്‍ത്തടിച്ച ഗപ്റ്റില്‍ 46 പന്തില്‍ നിന്ന് നാലു സിക്‌സും ആറ് ഫോറുമടക്കം 66 റണ്‍സെടുത്തു. 28 പന്തില്‍ നിന്ന് മൂന്നു സിക്‌സും ആറു ഫോറുമടക്കം 58 റണ്‍സെടുത്ത കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം കിവീസ് ജയം വേഗത്തിലാക്കി.

Content Highlights: First time in 31 years! India suffer ODI series whitewash