ലോര്‍ഡ്‌സ്: ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. കിവീസ് മുന്നോട്ടുവെച്ച 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 70 ഓവറില്‍ മൂന്നിന് 170 റണ്‍സില്‍ നില്‍ക്കേ ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. സ്‌കോര്‍: ന്യൂസീലന്‍ഡ് - 378/10, 169/6 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് - 275/10, 170/3.

ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്‌സില്‍ ഡൊമിനിക് സിബ്ലി 207 പന്തില്‍ നിന്ന് 60 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ജോ റൂട്ട് 40 റണ്‍സെടുത്തു.

നേരത്തെ അരങ്ങേറ്റക്കാരന്‍ ഡെവോണ്‍ കോണ്‍വെയുടെ റെക്കോഡ് ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 378 റണ്‍സെടുത്ത കിവീസ് ഇംഗ്ലണ്ടിനെ 275-ന് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കിവീസ് ആറിന് 169 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മൂന്നാം ദിവസത്തെ മത്സരം മഴ കാരണം തടസപ്പെട്ടിരുന്നു. 

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ 23 റണ്‍സെടുത്ത കിവീസ് താരം കോണ്‍വെ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി. അരങ്ങേറ്റ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണിങ് ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരിലാക്കിയത്. 

ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ കോണ്‍വെ രണ്ട് ഇന്നിങ്‌സിലുമായി സ്വന്തമാക്കിയത് 223 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ മുന്‍താരം കെപ്ലര്‍ വെസ്സല്‍സിന്റെ നേട്ടമാണ് കോണ്‍വെ പഴങ്കഥയാക്കിയത്.

Content Highlights: First Test Between England And New Zealand Ends In A Draw