ഫരീദാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരേ കേസെടുത്തു ഹരിയാണ പൊലീസ്. ജാതീയ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് താരത്തിനെതിരേ കേസെടുത്തത്.
2020-നടത്തിയ ഒരു ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് യുവരാജ് ജാതീയ പരാമര്‍ശം നടത്തിയത്. അന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ യുവരാജ് മാപ്പപേക്ഷയും നടത്തിയിരുന്നു.
ഹരിയാണയിലെ ഹിസാറില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ് യുവരാജിനെതിരേ കേസ് ഫയല്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് യുവരാജിനെതിരേ ഹരിയാണ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം ലൈവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യൂസ്വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയുമാണ് യുവരാജ് ജാതീയപരമായി അധിക്ഷേപിച്ചത്. തമാശരൂപത്തിലാണെങ്കിലും സംഭവം കൈവിട്ടുപോകുകയും ചുരുങ്ങിയ നിമിഷം കൊണ്ട് അത് വൈറലാകുകയും ചെയ്തിരുന്നു.
2019-ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച 2011-ലെ മാന്‍ ഓഫ് ദ സീരിസായ യുവരാജ് നിലവില്‍ ചില ട്വന്റി 20 പരമ്പരകളില്‍ മാത്രമാണ് കളിക്കുന്നത്.
Content Highlights: FIR registered against former cricketer Yuvraj Singh over casteist remark during Insta live chat from 2020