Photo: AP
ബുലവായോ: വെസ്റ്റ് ഇന്‍ഡീസിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളാണ് ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍. ഇടംകയ്യന്‍ ബാറ്ററായ ചന്ദര്‍പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വന്മതിലാണ്. പല നിര്‍ണായക ഘട്ടത്തിലും അദ്ദേഹത്തിന്റെ ബാറ്റിങ് ടീമിന് വിജയം സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ചന്ദര്‍പോള്‍ വിരമിച്ച ശേഷം ആ സ്ഥാനത്തേക്ക് മറ്റൊരു താരത്തിനും എത്താനായില്ല.
എന്നാല്‍ ചന്ദര്‍പോള്‍ ഒഴിഞ്ഞ ആ വലിയ സിംഹാസനത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് മകന്‍ തേജ്‌നരെയ്ന്‍ ചന്ദര്‍പോള്‍. തന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ചുറി കുറിച്ചുകൊണ്ട് തേജ്‌നരെയ്ന്‍ ചരിത്രം കുറിച്ചു. സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ തേജ്‌നരെയ്ന്‍ പുറത്താവാതെ 207 റണ്‍സാണ് അടിച്ചെടുത്തത്.
അച്ഛനെപ്പോലെ ക്ഷമയോടെ ക്രീസില്‍ പിടിച്ചുനിന്ന തേജ്‌നരെയ്ന്‍ 467 പന്തുകളില്‍ നിന്നാണ് ഇരട്ടസെഞ്ചുറി കണ്ടെത്തിയത്. ഈ പ്രകടനത്തിന്റെ ബലത്തില്‍ താരം പുതിയൊരു റെക്കോഡും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു രാജ്യത്തിനായി ഇരട്ടസെഞ്ചുറി നേടുന്ന രണ്ടാമത്തെ അച്ഛനും മകനും എന്ന റെക്കോഡാണ് ശിവ്‌നരെയ്‌നും തേജ്‌നരെയ്‌നും സ്വന്തമാക്കിയത്. പാകിസ്താന്റെ ഹാനിഫ് മുഹമ്മദും മകന്‍ ഷൊഐബ് മുഹമ്മദുമാണ് ഈ റെക്കോഡ് ആദ്യമായി സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിനായി ആദ്യമായി സെഞ്ചുറി നേടുന്ന അച്ഛനും മകനും എന്ന റെക്കോഡും ഇവര്‍ സ്വന്തമാക്കി. മത്സരത്തില്‍ തേജ്‌നരെയ്‌നിന്റെ മാസ്മരിക ബാറ്റിങ് മികവില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 447 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. മത്സരത്തില്‍ മറ്റൊരു റെക്കോഡും തേജ്‌നരെയ്ന്‍ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനായി ടെസ്റ്റില്‍ ആദ്യ വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ട് എന്ന റെക്കോഡ് തേജ്‌നരെയ്ന്‍ സ്വന്തമാക്കി. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനൊപ്പം ആദ്യ വിക്കറ്റില്‍ 336 റണ്‍സാണ് തേജ്‌നരെയ്ന്‍ അടിച്ചുകൂട്ടിയത്.
33 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇരുവരും തകര്‍ത്തത്. 1990-ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഡെസ്മണ്ട് ഹൈനസും ചേര്‍ന്നെടുത്ത 298 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയായി മാറി.
Content Highlights: father son double century for one country in international cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..