സിഡ്‌നി: ഓസീസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിലും ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ഓസീസ് ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുമ്പോള്‍ ആ ഇന്നിങ്‌സ് കാണാന്‍ സാധിക്കാത്ത ഒരാളുണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ പൂജാരയ്ക്ക് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ അദ്ദേഹത്തിന്റെ പിതാവ് അരവിന്ദ്.

സിഡ്നിയില്‍ വ്യാഴാഴ്ച പൂജാര തന്റെ സെഞ്ചുറിയോടടുക്കുമ്പോള്‍ പിതാവിന്റെ ഹൃദയ ശസ്ത്രക്രിയക്കായി മുംബൈയില്‍ നിന്ന് രാജ്‌കോട്ടിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കൂടിയാണ് അറുപത്തിയെട്ടുകാരനായ അരവിന്ദ്. ഉയര്‍ന്ന ഹൃദയമിടിപ്പാണ് അദ്ദേഹത്തെ വലയ്ക്കുന്നത്. ഇത് സാധാരണ നിലയിലാക്കുന്നതിനായിരുന്നു ശസ്ത്രക്രിയ.

ഇതിനിടയിലും മകന്റെ ഇന്നിങ്സിനെ കുറിച്ച് അറിയാനായിരുന്നു അരവിന്ദിനു തിടുക്കം. ''ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ എന്റെ മകന്റെ പ്രകടനത്തെ പുകഴ്ത്തുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. അത് വളരെ സന്തോഷം നല്‍കുന്നു. അവന്റെ ബാറ്റിങ്ങില്‍ പലര്‍ക്കുമുണ്ടായിരുന്ന സംശയങ്ങളെല്ലാം ഇപ്പോള്‍ മാറിയിട്ടുണ്ടാകും. ഇനി ഞാന്‍ വീട്ടില്‍ ചെന്ന് മത്സരത്തിന്റെ ഹൈലൈറ്റ്‌സ് കാണും'', 68-കാരനായ അരവിന്ദ് പറഞ്ഞു.

മത്സരത്തിന് ഇറങ്ങും മുന്‍പ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പൂജാരയ്ക്ക് അറിയാമായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു. മത്സരത്തിനു മുന്‍പ് പിതാവിന്റെ ഡോക്ടറുമായി പൂജാര സംസാരിച്ചിരുന്നു. ശസ്ത്രക്രിയ ഇനി വൈകരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതോടെ പൂജാര സമ്മതിക്കുകയായിരുന്നു.

father arvind couldn't watch pujara's epic knock in sydney due to heart procedure

ഈ ആശങ്കകള്‍ക്കിടയിലായിരുന്നു സിഡ്‌നി ടെസ്റ്റിലെ പൂജാരയുടെ പ്രകടനം. ഒമ്പത് മണിക്കൂറോളം ക്രീസില്‍ ചെലവഴിച്ച് 373 പന്തുകള്‍ നേരിട്ട മാരത്തണ്‍ ഇന്നിങ്‌സിനൊടുവില്‍ 22 ബൗണ്ടറികളോടെ 193 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്.

''എട്ടുവയസുള്ളപ്പോഴാണ് അച്ഛന്‍ എന്നെ പരിശീലിപ്പിക്കാന്‍ തുടങ്ങിയത്. അദ്ദേഹം റെയില്‍വെ ഉദ്യോഗസ്ഥനായിരുന്നു. കളിക്കാന്‍ തുടങ്ങുന്ന കാലത്ത് അദ്ദേഹം എനിക്ക് പന്തെറിഞ്ഞു തരുമായിരുന്നു. അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അനുഭവം സഹായമായി. ചെറുപ്പത്തില്‍ തന്നെ പേസ് ബൗളിങ് കളിക്കാന്‍ അദ്ദേഹം എന്നെ സഹായിച്ചിരുന്നു'', പൂജാരയുടെ വാക്കുകള്‍.

Content Highlights: father arvind couldn't watch pujara's epic knock in sydney due to heart procedure