ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച കെ.എല്‍ രാഹുലിനെ ടെസ്റ്റ് ടീമില്‍ നിന്ന് തഴഞ്ഞതിനെതിരേ വ്യാപക വിമര്‍ശനം. ട്വന്റി 20 പരമ്പരയിലെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 224 റണ്‍സെടുത്ത രാഹുലായിരുന്നു പരമ്പരയുടെ താരം. 

നേരത്തെ ഓസീസിനെതിരായ ഏകദിന പരമ്പരയിലും രാഹുല്‍ തിളങ്ങിയിരുന്നു. പക്ഷേ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രാഹുല്‍ പുറത്തായി. ഇതോടെയാണ് ആരാധകര്‍ ബി.സി.സി.ഐയ്ക്കും സിലക്ഷന്‍ കമ്മിറ്റിക്കുമെതിരേ തിരിഞ്ഞത്.

ആരാധകര്‍ മാത്രമല്ല രാഹുലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും ഹര്‍ഷ ഭോഗ്‌ലെയും വിമര്‍ശിച്ചു. ഏഷ്യയ്ക്കു പുറത്ത് മൂന്ന് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ താരമാണ് രാഹുലെന്ന് ചൂണ്ടിക്കാട്ടിയ ചോപ്ര ഇപ്പോഴത്തെ ഫോമില്‍ 100 ശതമാനം മാര്‍ക്ക് നല്‍കാവുന്നയാളാണ് രാഹുലെന്നും എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ പരിഗണിക്കാതിരുന്നതെന്നും ചോദിച്ചു.

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി 16 അംഗ ഇന്ത്യന്‍ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റതിനാല്‍ പൃഥ്വി ഷാ ടീമിലിടം നേടി. ശുഭ്മാന്‍ ഗില്‍ ആണ് മറ്റൊരു പുതുമുഖം.

Content Highlights: Fans show their disappointment over KL Rahul’s snub from Test squad